ഭുവനേശ്വർ: 275 പേരുടെ ജീവനെടുത്ത ബാലസോർ ട്രെയിൻ ദുരന്തം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ട ശേഷം കോറോമാണ്ഡൽ എക്സ്പ്രസ് ഇന്ന് വീണ്ടും സർവീസ് ആരംഭിക്കും. ട്രെയിനിന്റെ പുനക്രമീകരണ പ്രവർത്തനങ്ങൾ കഴിഞ്ഞുവെന്നും സർവീസ് ആരംഭിക്കാൻ തയാറാണെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
അപകടം നടന്നതിന് പിന്നാലെ തന്നെ റെയിൽ ഗതാഗതം പൂർവസ്ഥിതിയിലാക്കാനുള്ള പ്രവർത്തനങ്ങൾ റെയിൽവേ തുടങ്ങിയിരുന്നു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പ്രവർത്തനങ്ങൾ നടന്നത്. റൂട്ടിലൂടെയുള്ള ഗതാഗതം പുന:സ്ഥാപിച്ച ശേഷം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തിൽ യശ്വന്തപൂർ-ഹൗറ എക്‌സ്പ്രസ് ബാലസോറിൽ പരീക്ഷണ ഓട്ടം നടത്തിയിരുന്നു.
ജൂൺ 2-ന് ബെംഗ്‌ളൂരുവിൽ നിന്ന് ഹൗറയിലേക്ക് ആയിരത്തോളം യാത്രക്കാരുമായി പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ട്രെയിൻ ഒഡീഷയിലെ ബാലസോറിലെ ബഹനഗ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റുകയായിരുന്നു. തുടർന്ന് പാളം തെറ്റിയ യശ്വന്തപൂർ-ഹൗറ എക്‌സ്പ്രസിലേക്ക് ഷാലിമാർ ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ് ഇടിച്ച് കയറി. ഇടിച്ച് കയറിയ കോറമാണ്ഡൽ എക്സ്പ്രസ്ന്റെ ബോഗികൾ മൂന്നാമത്തെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയ്‌ക്കു മുകളിലേക്ക് പതിച്ചത് ദുരന്തത്തിന്റെ ആഘാതം കൂട്ടി. അപകടത്തിൽ 275 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആയിരത്തോളം യാത്രക്കാർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇലക്ട്രോണിക് ഇന്റർലോക്കിംഗാണ് അപകടകാരണമെന്നാണ് റെയിൽവേ ഉദ്യോസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ. ട്രെയിനിന്റെ സിഗ്നലുകൾ മാറ്റുന്നത് തടയുന്നതിനുള്ള സുരക്ഷാ നടപടിയാണ് ഇലക്ട്രോണിക് ഇന്റർലോക്കിംഗ്. റൂട്ട് സുരക്ഷിതമാണെന്ന് ഉറപ്പിക്കാതെ ഒരു ട്രെയിനിനും മുന്നോട്ട് പോകാനുള്ള സിഗ്‌നൽ ലഭിക്കില്ല.
Comments