അമരാവതി: ആന്ധ്ര രായലസീമ പ്രദേശത്തെ ബസിനപ്പള്ളിയിൽ ഒരു കർഷകന് കൃഷിയിടത്തിൽ നിന്ന് അമൂല്യ വജ്രം ലഭിച്ച വാർത്തകൾ പുറത്ത് വന്നിരുന്നു. ആദ്യം സാധാരണ കല്ലെന്നാണ് കർഷകൻ ധരിച്ചത്. എന്നാൽ വിൽക്കാൻ ചെന്നപ്പോഴാണ് അതിന്റെ മൂല്യം രണ്ട് കോടിയാണെന്ന് ആ പാവം തിരിച്ചറിഞ്ഞത്. ഈ വാർത്ത കാട്ടു തീ പോലെയാണ് ഗ്രാമം കടന്ന് ആന്ധ്ര മുഴുവൻ പരന്നത്. ഇന്ന് ഗ്രാമവും അതിന്റെ പരിസര പ്രദേശങ്ങളും ഭാഗ്യന്വേഷികളെ കൊണ്ട് നിറഞ്ഞതായാണ് റിപ്പോർട്ട്.
ഗുണ്ടകൽ ഗ്രാമത്തിനും പാത്തിക്കൊണ്ടിനും ഇടയിലുള്ള കൃഷിയിടങ്ങളിൽ ആളുകൾ വിലയേറിയ കല്ലുകൾക്കായി തിരയുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അനന്തപൂർ, കർണൂൽ ജില്ലകളുടെ അതിർത്തിയിലാണ് ഈ പ്രദേശങ്ങൾ. തെലുങ്കാനയിൽ വിവിധ ഭാഗങ്ങളിൽ നിന്ന് ഭാഗ്യം തേടി വരുന്നവരുടെ എണ്ണം വർദ്ധിച്ചതൊടെ
അനന്ത ജില്ലയിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും നല്ല തിരക്കാണ്. ചിലർ തുറസ്സായ സ്ഥലങ്ങളിലെ താൽക്കാലിക ടെന്റുകളിലും താമസിക്കുകയും ചെയ്യുന്നുണ്ട്.
അമൂല്യമായ വജ്രം കണ്ടെത്തൽ പ്രദേശത്ത് ഒറ്റപ്പെട്ട സംഭവമല്ല. 2021-ൽ ജോന്നഗിരി എന്ന ഗ്രാമത്തിൽ നിന്ന് 2.4 കോടി രൂപ വിലമതിക്കുന്ന അമൂല്യമായ കല്ലുകൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം ഒരു കർഷകന് 40 ലക്ഷം രൂപയുടെ വജ്രം ലഭിച്ചതായും മറ്റൊരാൾക്ക് 1.4 കോടി രൂപയുടെ 30 കാരറ്റ് വജ്രം ലഭിച്ചതായും വാർത്തകൾ വന്നിരുന്നു.
അനന്തപൂർ, കുർണൂൽ ജില്ലകളിൽ നിന്ന് മൺസൂൺ കാലത്താണ് വജ്രം കൂടുതലായി ലഭിച്ചിരുന്നത്. ആദ്യ മഴയിൽ മണ്ണിന്റെ മുകളിലെ പാളി ഒലിച്ചുപോകുമ്പോൾ ഈ വിലയേറിയ കല്ലുകൾ പ്രത്യക്ഷപ്പെടുമെന്ന് പ്രദേശവാസികളും വജ്ര വ്യാപാരികളും അഭിപ്രായപ്പെടുന്നു.
വിജയനഗര സാമ്രാജ്യത്തിന്റെ കാലത്ത് അമൂല്യമായ രത്നങ്ങൾക്കും വജ്രവ്യാപാരത്തിനും പേരുകേട്ട പ്രദേശമായിരുന്നു രായലസീമ. ഇന്ന് ഈ പ്രദേശങ്ങളിൽ നിന്നാണ് അമൂല്യമായ വജ്രങ്ങൾ കണ്ടെത്തുന്നത്.
Comments