കോട്ടയം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കുടുംബം. അന്വേഷണത്തിൽ ആശങ്ക പ്രകടിപ്പിച്ചാണ് കുടുംബം രംഗത്തെത്തിയത്. ഇന്ന് കോട്ടയം എസ്പി ശ്രദ്ധയുടെ ആത്മഹത്യ കുറിപ്പെന്ന നിലയിൽ ഉയർത്തികാട്ടിയ തെളിവ് വ്യാജമാണെന്ന് ശ്രദ്ധയുടെ സഹോദരൻ ആരോപിച്ചു. മുൻപ് സമൂഹമാദ്ധ്യമങ്ങളിൽ സുഹൃത്തുക്കൾക്ക് പങ്കുവെച്ച സന്ദേശം സാഹചര്യത്തിന് അനുസരിച്ച് മാറ്റി ഉപയോഗിക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു. കോളേജ് മാനേജ്‌മെന്റിനെ സഹായിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും മാനേജ്‌മെന്റ് ശ്രദ്ധയെ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും കുടുംബം വിമർശനം ഉന്നയിച്ചു.
ശ്രദ്ധയുടെ മരണത്തെ തുടർന്ന് കോളേജിലുണ്ടായ സമരം അവസാനിപ്പിക്കുന്നതിനടക്കം വിളിച്ച യോഗങ്ങളിൽ കുടുംബാംഗങ്ങളെ പങ്കെടുപ്പിക്കാത്ത സർക്കാർ നടപടിയെയും കുടുംബം എതിർത്തു. കേസുമായി ബന്ധപ്പെട്ട് കുടുംബത്തെ വിളിക്കാനോ സംസാരിക്കാനോ തയ്യാറായില്ലെന്നും അച്ഛനും സഹോദരനും ഉൾപ്പെടെയുള്ള ബന്ധുക്കൾ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ കണ്ട് പരാതി പറയാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും പ്രശ്‌നത്തിൽ കോടതിയെ സമീപിക്കാനാണ് തങ്ങൾ ആലോചിക്കുന്നതെന്നും കുടുംബം പറഞ്ഞു.
ശ്രദ്ധയുടേത് ആത്മഹത്യ എന്ന് വരുത്തി തീർക്കാനുള്ള പോലീസ് നീക്കം അംഗീകരിക്കാനാകില്ലെന്നും കുടുംബം വ്യക്തമാക്കി. ശ്രദ്ധയുടെ ആത്മഹത്യയുടെയും മറ്റ് സംഭവവികാസങ്ങളുടെയും അടിസ്ഥാനത്തിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോളേജ് അധികൃതർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
















Comments