മുംബൈ: ഖാലിസ്ഥാൻ തീവ്രവാദത്തിലേർപ്പെട്ട രണ്ട് പേരെ അഞ്ചുവർഷത്തെ തടവിന് ശിക്ഷിച്ച് പ്രത്യേക എൻഐഎ കോടതി. ഹർപാൽ സിംഗ്, ഗുർജിത് സിംഗ് എന്നിവരെയാണ് മുംബൈയിലെ പ്രത്യേക എൻഐഎ കോടതി ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം, മഹാരാഷ്‌ട്ര പോലീസ് ആക്ട് എന്നിവ പ്രകാരമാണ് ഇരുവരെയും ശിക്ഷിച്ചത്.
സിഖ് സമൂഹത്തിനിടയിൽ ഖാലിസ്ഥാൻ വാദം പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ഖാലിസ്ഥാൻ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഗൂഢാലോചന നടത്തി പ്രവർത്തിക്കുകയും ചെയ്തുവെന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം. 2018 ഡിസംബറിൽ ഇവർക്കെതിരെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് എൻഐഎയ്‌ക്ക് കൈമാറുകയായിരുന്നു. ഇരുവരുടെയും നേതൃത്വത്തിൽ സിഖ് സമൂഹത്തിനിടയിൽ ഖാലിസ്ഥാൻ വാദം പ്രചരിപ്പിക്കാൻ ശ്രമിച്ചു. ഇതിനായി സമൂഹമാദ്ധ്യമങ്ങൾ കേന്ദ്രീകരിച്ച് വീഡിയോയും സന്ദേശങ്ങളും പ്രചരിപ്പിച്ചതായി എൻഐഎ കണ്ടെത്തിയിരുന്നു. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ, നിരോധിത ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണൽ എന്നിവയുമായി ബന്ധപ്പെട്ട വീഡിയോയാണ് ഇരുവരും പ്രചരിപ്പിച്ചത്.
കഴിഞ്ഞ ദിവസം കിഴക്കൻ ഡൽഹിയിലെ ഗീത കോളനിയിലെ ഗുരുദ്വാരയുടെ ചുവരുകളിൽ ഖാലിസ്ഥാൻ തീവ്രവാദി ജർണയിൽ ഭിന്ദ്രൻവാലയുടെ ഖാലിസ്ഥാൻ അനുകൂല പോസ്റ്ററുകൾ സ്ഥാപിച്ചിരുന്നു. ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ 39-ാം വാർഷികത്തിന് മുന്നോടി ആയിരുന്നു ഇത്. ‘1984 മറക്കരുത്’ എന്നായിരുന്നു പോസ്റ്ററിൽ എഴുതിയിരുന്നത്.
















Comments