പ്രമേഹത്തിനും ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും ഞാവൽ പഴം ഉത്തമമാണെന്ന് എല്ലാവർക്കും അറിയാം. പുരാതന ആയുർവേദത്തിൽ അവയ്‌ക്ക് പ്രത്യേക സ്ഥാനം തന്നെയുണ്ട്. പണ്ടുമുതൽക്കെ രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥ, ക്ഷീണം എന്നിവയ്‌ക്കുള്ള മരുന്നായി ഞാവൽ ഉപയോഗിച്ചു വരുന്നു. ഞാവൽ പഴം എല്ലായ്പ്പോഴും ലഭ്യമാകണമെന്നില്ല. എന്നാൽ, അവയുടെ വിത്ത് ഉണക്കി പൊടിച്ച് വച്ച് നമുക്ക് കഴിക്കാവുന്നതാണ്. എന്താണ് ഞാവൽ വിത്തുപൊടി കഴിക്കുന്നത് കൊണ്ടുള്ള പ്രയോജനം.
ഞാവൽ വിത്ത് പൊടിയിൽ ജാംബോളിൻ, ജാംബോസിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിനെ തടയും. ഇത് സുഗമമായ മലവിസർജ്ജനത്തിന് മാത്രമല്ല, കരളിലെ വീക്കം കുറയ്‌ക്കാനും സഹായിക്കുന്നു. രക്തസമ്മർദ്ദമുള്ളവർക്കും ഞാവൽ വിത്ത് പൊടി അത്യുത്തമമാണ്. പൊടി വീട്ടിൽ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ഞാവൽ വിത്തുകൾ 2-3 ദിവസം ഉണങ്ങാൻ വയ്‌ക്കുക. ഉണങ്ങുന്നതോടെ ഇവയുടെ തൊലി പൊളിഞ്ഞു വരും. ഇവ നീക്കം ചെയ്യുക. അതിനുശേഷം നന്നായി പൊടിക്കണം. ഒരു ഗ്ലാസ് വെള്ളത്തിൽ എല്ലാ ദിവസവും 1 സ്പൂൺ പൊടി ഇട്ട് കുടിക്കുക. കൊഴുപ്പ് കുറഞ്ഞ പാലിനൊപ്പം ചേർത്തും പൊടി കഴിക്കാം. മധുരവും പുളിയും സമ്മിശ്രം ചേർന്ന രുചിയാണ് ഇവയ്‌ക്ക്.
ഞാവൽ വിത്ത് പൊടിയുടെ അത്ഭുതകരമായ ഗുണങ്ങൾ
പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു: രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിനും ഗ്ലൈക്കോസൂറിയ കുറയ്‌ക്കുന്നതിനും ഞാവൽ വിത്തുകൾ വളരെ പ്രയോജനകരമാണ്. വിത്തുകളിൽ ജാംബോളിൻ, ജാംബോസിൻ എന്നിവ അടങ്ങിയിട്ടുണ്ട്.
വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു: സ്വാഭാവിക മൂത്രശങ്കയും വിയർപ്പും നിലനിർത്താൻ സഹായിക്കുന്ന വിഷാംശം ഇല്ലാതാക്കുന്ന ഔഷധമാണ് ഞാവൽ വിത്ത് പൊടി.
കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു: ഞാവൽ വിത്ത് പൊടി അതിന്റെ ആന്റിഓക്‌സിഡന്റ് ഗുണം കാരണം കരളിന് ഉത്തേജകമായി പ്രവർത്തിക്കുന്നു. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകൾക്കെതിരെ ആന്റിഓക്‌സിഡന്റുകൾ പോരാടുകയും കരൾ കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇവ കരളിലെ വീക്കം കുറയ്‌ക്കാനും സഹായിക്കുന്നു.
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു: പ്രമേഹത്തിനു പുറമേ, ഉയർന്ന രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കാനും ഞാവലിന് കഴിയും. ഞാവൽ വിത്ത് പൊടിയിൽ എലാജിക് ആസിഡ് എന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദത്തിന്റെ ദ്രുതഗതിയിലുള്ള ഏറ്റക്കുറച്ചിലുകൾ പരിഹരിക്കും.
Comments