ഇന്ന് ഭഗവാൻ ബിർസ മുണ്ട ബലിദാനി ദിനം. ഝാർഖണ്ഡിലെ വനാന്തരങ്ങളിൽ സ്വ-സമുദായത്തിനും രാജ്യത്തിനും വേണ്ടി പടപൊരുതിയ ഗോത്ര നേതാവായിരുന്നു ബിർസ മുണ്ട. ‘രാജ്ഞിയുടെ രാജ്യം അവസാനിക്കട്ടെ, നമ്മുടെ രാജ്യം സ്ഥാപിക്കപ്പെടട്ടെ’ എന്ന് സധൈര്യം വിളിച്ച് പറഞ്ഞ ഈ ധീര യോദ്ധാവിനെ കുറിച്ച് ചരിത്ര താളുകളിൽ അത്രയധികം രേഖപ്പെടുത്തിയിട്ടില്ല.
എന്നാൽ ജനമനസ്സുകളിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട് വിപ്ലവവീര്യം. ബ്രിട്ടീഷുകാർക്കെതിരെ നിർഭയനായി പോരാടി ജീവൻ ബലിയർപ്പിക്കുമ്പോൾ വെറും 25 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
ഇന്നത്തെ റാഞ്ചിക്ക് സമീപം ഉലിഹത്തിൽ 1875 നവംബർ മാസം പതിനഞ്ചാം തീയതി വനവാസി ഗോത്ര സമൂഹമായ ‘മുണ്ട’ വിഭാഗത്തിലെ ഒരു കുടുംബത്തിലാണ് ബിർസ മുണ്ട ജനിക്കുന്നത്. 1882 ൽ ബ്രിട്ടീഷുകാർ പാസാക്കിയ വനനിയമമാണ് ഒരു സാധാരണകുടുംബത്തിൽ ജനിച്ച ബിർസ മുണ്ടയുടെ ജീവിതം മാറ്റിമറിച്ചത്. അന്ന് വരെ ആ ജനത പിൻതുടർന്നുപോന്ന ജീവിതരീതിയും സംസ്‌കാരത്തെയും വെല്ലുവിളിക്കുന്നതായിരുന്നു ആ നിയമം. 1894ൽ 19-കാരനായ ബിർസമുണ്ടയുടെ നേതൃത്വത്തിലാണ് ആ ജനത വനനിയമത്തിനെതിരെ ചെറുത്തുനിൽപ്പ് ആരംഭിച്ചത്.
ബ്രിട്ടീഷുകാരുടെ തോക്കും പീരങ്കിയും ഉൾപ്പെടെയുള്ള ആധുനിക ആയുധങ്ങൾക്കെതിരെ അമ്പും വില്ലും വാളുകളും കൊണ്ടായിരുന്നു ബിർസയുടെ യുദ്ധം. ഇന്നത്തെ ഝാർഖണ്ഡ്, ബിഹാർ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാകെ പരന്നു കിടക്കുന്ന വനങ്ങൾ കേന്ദ്രീകരിച്ച് ബിർസയുടെ നേതൃത്വത്തിലുള്ള സംഘം പോരാടി. കുറേയധികം നാൾ ഒളിവിലും ജയിലിലും അദ്ദേഹത്തിന് കഴിയേണ്ടിവന്നു.
1900 ഫെബ്രുവരി 3-നാണ് അദ്ദേഹത്തെ ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് ചെയ്യുന്നത്. ജൂൺ 9ന് 25ാം വയസിൽ റാഞ്ചി ജയിലിൽ വച്ച് കോളറ മൂലം മുണ്ടയുടെ മരണം സംഭവിച്ചു എന്നാണ് ബ്രിട്ടീഷ് ഭരണകൂടം പുറം ലോകത്തെ അറിയിച്ചത്. എന്നാൽ മുണ്ട യഥാർത്ഥത്തിൽ വധിക്കപ്പെടുകയായിരുന്നു. ഇന്ത്യൻ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഒരേയൊരു ഗോത്ര നേതാവിന്റെ ചിത്രമേയുള്ളു, സാമ്രാജ്യത്വത്തിനും, ജന്മിത്വത്തിനും എതിരെ പോരാട്ടം നയിച്ച ബിർസമുണ്ടയുടെ ചിത്രമാണത്.
















Comments