കൊളംബിയയിൽ വിമാനം തകർന്ന് വീണതിന് പിന്നാലെ ആമസോൺ മഴക്കാടുകളിൽ അകപ്പെട്ടുപോയ നാല് കുട്ടികളെ കഴിഞ്ഞ ദിവസമായിരുന്നു സൈന്യം രക്ഷപ്പെടുത്തിയത്. 40 ദിവസം എപ്രകാരമാണ് അവർ മഴക്കാടിനുള്ളിൽ അതിജീവിച്ചതെന്ന് വലിയൊരു ചോദ്യമായി അവശേഷിക്കുമ്പോഴും കുട്ടികളുടെ ഇച്ഛാശക്തിയെ അഭിനന്ദിക്കുകയാണ് ലോകം. ഒരു വയസിനും 13 വയസിനും ഇടയിൽ പ്രായമുള്ള നാല് കുട്ടികൾ ഇന്ന് അതിജീവനത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃകയായി മാറിയിരിക്കുകയാണ്.
കടിച്ചുതിന്ന പഴങ്ങളുടെ അവശിഷ്ടങ്ങൾ.. അവയിൽ കുഞ്ഞു പല്ലുകളുടെ പാടുകൾ.. ഉപേക്ഷിച്ച നാപ്കിനുകൾ, ഹെയർബാൻഡുകൾ.. മഴക്കാടുകൾക്കിടയിൽ നിന്നും ലഭിച്ച ഈ വസ്തുക്കളായിരുന്നു കുട്ടികളെ കണ്ടെത്തുന്നതിലേക്ക് തിരച്ചിൽ സംഘത്തെ നയിച്ചത്. കൂടാതെ കുട്ടികൾ ജീവനോടെയുണ്ടെന്ന് ഉറപ്പുവരുത്താൻ സഹായിക്കുന്ന സൂചനകൾ കൂടിയായിരുന്നു ഇത്. ഉഗ്രവിഷമുള്ള പാമ്പുകളും വന്യജീവികളും ക്ഷുദ്രജീവികളും വേണ്ടുവോളമുള്ള മഴക്കാടിനുള്ളിൽ കൊതുകുകളും കുറവല്ല. ഇവിടെയായിരുന്നു നാല് കുട്ടികളും 40 ദിവസം അതിജീവിച്ചതെന്ന വസ്തുതയാണ് ഏവരെയും ഞെട്ടിച്ചത്.
13-കാരനായ ലെസ്‌ലി ജേക്കോബോ ബോൺബെയർ, 9-കാരനായ സോൾനി റനോക്ക് മുക്കുന്റുയ്, 4 വയസുള്ള ടിയേൻ നോറിയേൽ റോണോക്ക് മുക്കുന്റുയ്, ഒരു വയസ് മാത്രമുള്ള ക്രിസ്റ്റ്യൻ നെറിമാൻ റനോക്ക് മുക്കുന്റുയ് എന്നിവരായിരുന്നു ലോകത്തെ വിസ്മയിപ്പിച്ച കരുന്നുകൾ. മഴക്കാടുകളിൽ ലഭ്യമാകുന്ന പഴവർഗങ്ങളെക്കുറിച്ച് നേരത്തെ നേടിയ അറിവാണ് കുട്ടികളെ അതിജീവനത്തിനായി സഹായിച്ചതെന്നാണ് വിലയിരുത്തൽ.
സെസ്സ്‌ന എന്ന പേരുള്ള സിംഗിൾ – എഞ്ചിൻ പ്രൊപ്പല്ലർ പ്ലെയിനായിരുന്നു ഒന്നരമാസങ്ങൾക്ക് മുമ്പ് കൊളംബിയയിൽ തകർന്ന് വീണത്. പ്രായപൂർത്തിയായ മൂന്ന് പേരും നാല് കുട്ടികളും പൈലറ്റും പ്ലെയിനിലുണ്ടായിരുന്നു. എന്നാൽ എഞ്ചിൻ തകരാർ സംഭവിച്ചതിന് പിന്നാലെ റഡാറിൽ നിന്നു മറിഞ്ഞ എയർക്രാഫ്റ്റ് ഏതാനും നിമിഷങ്ങൾക്കുള്ളിൽ തകർന്ന് വീണു. അപകട വിവരം പുറത്തുവന്നതോടെ രക്ഷാദൗത്യത്തിന് വേണ്ടിയുള്ള പരിശ്രമങ്ങൾ ആരംഭിച്ചു. തകർന്ന് കിടക്കുന്ന എയർക്രാഫ്റ്റിന് സമീപം അമ്മയുടെ ഉൾപ്പെടെ മൃതശരീരം കണ്ടെത്തിയെങ്കിലും നാല് കുട്ടികളെയും കണ്ടില്ലെന്നുള്ളതാണ് അവർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടുവെന്ന് വ്യക്തമാക്കിയത്. ചെളിയിൽ പതിഞ്ഞ കുഞ്ഞുകാൽപ്പാടുകളും കുട്ടികൾ സഞ്ചരിച്ച വഴികളെ തിരിച്ചറിയാൻ സഹായിച്ചു.
എയർക്രാഫ്റ്റിൽ യാത്ര ചെയ്യവെ കുടുംബം കൈവശം കരുതിയിരുന്ന വസ്തുക്കളിൽ മരച്ചീനി പൊടിയും ഉണ്ടായിരുന്നുവെന്നതാണ് കുട്ടികളെ ജീവനോടെ നിലനിർത്താൻ സഹായിച്ച മറ്റൊരു കാര്യം. തകർന്ന് വീണ എയർക്രാഫ്റ്റിൽ നിന്ന് പുറത്തേക്ക് വന്ന അവർ മരച്ചീനി പൊടി എടുത്തുകൊണ്ട് മഴക്കാടുകൾക്കുള്ളിലൂടെ നടന്നു. ആമസോൺ മേഖലകളിൽ ജീവിക്കുന്നവരുടെ പതിവ് ആഹാരമാണ് മരച്ചീനി പൊടി. എന്നാൽ ഇതുതീർന്നതോടെ അവർ കാടിനുള്ളിലെ പഴങ്ങളും വിത്തുകളും ആഹാരമാക്കാൻ തുടങ്ങി.
ഇതേസമയം 160ഓളം വരുന്ന സൈനികർ കുട്ടികൾക്ക് വേണ്ടി തിരച്ചിൽ തുടങ്ങിയിരുന്നു. ആമസോൺ മഴക്കാടുകളെക്കുറിച്ച് ആഴത്തിൽ പരിചയമുള്ള പ്രദേശവാസികളായ 70 പേരും സൈനികർക്കൊപ്പം കൂടി. കുട്ടികൾ ഉപയോഗിച്ച പല വസ്തുക്കളുടെയും അവശേഷിപ്പുകൾ തിരച്ചിൽ നടത്തുന്നതിന് മുതൽക്കൂട്ടായി. ഇതോടെ മഴക്കാടിനുള്ളിലേക്ക് സ്നിഫർ നായ്‌ക്കളെയും എത്തിച്ച് തിരച്ചിൽ ആരംഭിച്ചു. നിരവധി ഗോത്രവർഗക്കാരും വനവാസികളും ദൗത്യത്തിനായി പങ്കുച്ചേർന്നിരുന്നു.
വന്യമൃഗങ്ങളും ക്ഷുദ്രജീവികളും കൂടാതെ സായുധരായ മയക്കുമരുന്ന് കടത്ത് സംഘങ്ങളും ആമസോൺ മഴക്കാടുകളിൽ സജീവമാണ്. ഇവരുടെ കണ്ണിൽപ്പെടാതെ കടന്നുപോകാനും കുട്ടികൾക്ക് സാധിച്ചുവെന്നതാണ് അതിശയകരമായ മറ്റൊരു സംഭവം. മൂന്ന് ഹെലികോപ്റ്ററുകളും തിരച്ചിലിന്റെ ഭാഗമായിരുന്നുവെങ്കിലും മോശം കാലാവസ്ഥയും വനൃമൃഗങ്ങളുടെ ആക്രമണവും മരങ്ങളുടെ ഉയരവുമെല്ലാം രക്ഷാദൗത്യത്തിന് തടസമായി.
മഴക്കാടുകളുടെ വിവിധ ഭാഗങ്ങളിലേക്ക് പരിശീലനം ലഭിച്ച പതിനായിരത്തോളം പേരെ ഹെലികോപ്റ്റർ വഴി ഇറക്കിയും തിരച്ചിൽ നടത്തി. കുട്ടികൾക്ക് മനസിലാകുന്ന ഭാഷയിൽ ഉച്ചഭാഷിണിയിലൂടെ നിർദേശങ്ങൾ പുറപ്പെടുവിച്ചു. മഴക്കാടിനുള്ളിൽ എങ്ങനെ അതിജീവിക്കാമെന്ന് വ്യക്തമാക്കുന്ന ലഘുലേഖങ്ങളും ഭക്ഷണപൊതികളും കുടിവെള്ള ബോട്ടിലുകളും പലയിടത്തായി സൈനികർ ഉപേക്ഷിച്ചു. കുട്ടികളുടെ മുത്തശ്ശിയുടെ ശബ്ദം റെക്കോർഡ് ചെയ്ത സന്ദേശം മഴക്കാടിന്റെ വിവിധ ഭാഗങ്ങളിലായി മുഴക്കി. ഇതിനെല്ലാം ഒടുവിലാണ് ക്ഷീണിതരായ കുട്ടികളെ അവശനിലയിൽ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.
പഴങ്ങളും വിത്തുകളും ആഹാരമാക്കിയും എങ്ങനെയൊക്കെയോ വിശപ്പടക്കിയും അവർ ദിവസങ്ങൾ തള്ളിനീക്കിയെന്നത് വാസ്തവാണെങ്കിലും ഇതിനായി കുട്ടികളെ സഹായിച്ച മറ്റൊരു കാര്യമുണ്ട്. കുട്ടികളെല്ലാവരും ‘ഹൂയിട്ടോട്ടോ’ എന്ന തദ്ദേശീയ ഗ്രൂപ്പിലെ അംഗങ്ങളായിരുന്നു. ജനിച്ച നാൾ മുതൽ കുട്ടികളെ ജംഗിൾ സ്‌കിൽസ് (Jungle Skills) പഠിപ്പിക്കുന്ന സംഘടനയാണിത്. ഇക്കാര്യം കുട്ടികളുടെ മുത്തശ്ശനാണ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കുഞ്ഞുനാൾ മുതൽ തന്നെ മീൻ പിടിക്കാനും വേട്ടയാടാനുമെല്ലാം കുട്ടികളെ പഠിപ്പിച്ചിരുന്നു. വനത്തിൽ ദിവസങ്ങളോളം തങ്ങുന്നതിന് വേണ്ട വിദ്യകളും അവരെ പഠിപ്പിച്ചു. അതുകൊണ്ട് തന്നെ മഴക്കാടുകളിൽ അകപ്പെട്ടപ്പോൾ ഇനിയെന്തു ചെയ്യുമെന്നറിയാതെ കുട്ടികൾ പരിഭ്രമിച്ചില്ല. ഒടുവിൽ കൊളംബിയൻ കാടുകളിൽ നിന്നും നാല് പേരും സുരക്ഷിതമായ കരങ്ങളിലെത്തി..
കുട്ടികളെ തിരികെ ലഭിച്ചതിന് പിന്നാലെ കൊളംബിയൻ പ്രസിഡന്റ് ഗുസ്ടാവോ പെട്രോ ഇപ്രകാരമായിരുന്നു പ്രതികരിച്ചത്. ” അവരെ സംരക്ഷിച്ചത് കാടാണ്, കാരണം അവർ കാടിന്റെ മക്കളാണ്.. ഇന്നവർ കൊളംബിയയുടെ മക്കൾ കൂടിയാണ്..”
Comments