കണ്ണൂർ: സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർക്കഥയാകുന്നു. തലശ്ശേരി ആശുപത്രിയിലെ വനിതാ ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ചതായാണ് പരാതി. ഇന്ന് പുലർച്ചെയാണ് സംഭവം. കൊടുവള്ളി സ്വദേശി മഹേഷിനെതിരെയാണ് ഡോ. അമൃത രാഖി പോലീസിൽ പരാതി നൽകിയത്. മദ്യപിച്ചുണ്ടായ തർക്കത്തെത്തുടർന്നാണ് ഇയാളെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്നാണ് ബന്ധുക്കൾ അറിയിച്ചത്.
മഹേഷും ഭാര്യയും സുഹൃത്തും കൂടിയാണ് ആശുപത്രിയിൽ എത്തിയത് എന്ന് ഡ്യൂട്ടി ഡോക്ടർ അമൃത രാഖി പറഞ്ഞു. മുറിവ് പരിശോധിക്കാനായി മഹേഷിനെ ഡ്രസിംഗ് റൂമിലേക്ക് മാറ്റി. തലയ്‌ക്കേറ്റ മുറിവ് പരിശോധിക്കവെ നെഞ്ചിലാണ് വേദന എന്ന് ഇയാൾ പറഞ്ഞു. തുടർന്ന് നെഞ്ച് പരിശോധിക്കുമ്പോൾ മഹേഷ് വലതുകൈ വീശി തന്റെ നെഞ്ചിൽ അടിക്കുകയായിരുന്നു എന്ന് അമൃത പറഞ്ഞു.
നെഞ്ച് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് നെഞ്ചിൽ അമർത്തിയത് എന്ന് ഡോക്ടർ അറിയിച്ചപ്പോൾ വേദനയുള്ള ഭാഗത്ത് അമർത്തിയാണോ പരിശോധിക്കുന്നത് എന്നായിരുന്നു രോഗിയുടെ ചോദ്യം. തുടർന്ന് ഇയാൾ ഡോക്ടർക്ക് നേരെ ആക്രോശിക്കുകയും തട്ടിക്കയറുകയും ചെയ്തു. വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കണം ഇല്ലെങ്കിൽ പോലീസിനെ വിളിക്കും എന്ന് അമൃത പറഞ്ഞപ്പോൾ, വിളിക്കേണ്ടവരൊക്കെ വിളിക്ക് ഡോക്ടറെ പുറത്തുവെച്ച് കണ്ടോളാം എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു മഹേഷ്. പിന്നീട് പോലീസ് എത്തിയ ശേഷമായിരുന്നു തുടർ പരിശോധന എന്ന് ഡോക്ടർ അമൃത രാഖി പറഞ്ഞു.
ഇയാൾ മദ്യപിച്ചിരുന്നതായും ഡോക്ടർ ആരോപിച്ചു. ഡോക്ടറുടെ പരാതിയിന്മേൽ പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ ഉച്ചയ്‌ക്ക് ശേഷം ഡോക്ടർമാർ പണിമുടക്കും.
















Comments