ന്യൂയോർക്ക്: ഹിന്ദു ജനതയുടെ ആഘോഷമായ ദീപാവലിക്ക് സ്‌കൂളുകൾക്ക് അവധി നൽകാനുള്ള ബിൽ ന്യൂയോർക്ക് സംസ്ഥാന നിയമസഭ പാസാക്കി. ഇത് സംബന്ധിച്ച് ബില്ലിന് സെനറ്റും അസംബ്ലിയും അംഗീകാരം നൽകി.
ന്യൂയോർക്ക് അസംബ്ലിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഹിന്ദു-അമേരിക്കൻ സ്ത്രീ എന്ന നിലയ്‌ക്ക് ഞാൻ ഇതിൽ അഭിമാനം കൊളളുന്നതായി ബിൽ കൊണ്ടുവന്ന അസംബ്ലി അംഗം ജെനിഫർ രാജ്കുമാർ പറഞ്ഞു. രണ്ടു ലക്ഷത്തോളം സ്‌കൂൾ കുട്ടികൾക്കു ഈ ഒഴിവു ദിവസം ആഘോഷിക്കാം.ഹിന്ദു, സിക്ക്, ജെയിൻ, ബുദ്ധ, ദക്ഷിണേഷ്യൻ, ഇന്തോ-കരിബീയൻ, മത വിഭാഗങ്ങളുടെ സാംസ്‌കാരിക പൈതൃകത്തെ ആദരിക്കേണ്ട സമയം ആഗതമായെന്നും അവർ കൂട്ടിച്ചേർത്തു.
ദീപാവലിക്ക് അവധി നൽകുന്നത് സംബന്ധിച്ച് ബിൽ പാസാക്കാൻ നേരത്തെ രണ്ടു ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. ദീപാവലിക്ക് പകരം റദ്ദാക്കുന്ന അവധി ദിവസം എതെന്ന് തീരുമാനമെടുക്കാൻ വൈകിയതാണ് ഇതിന് കാരണം. ന്യൂ യോർക്ക് മേയറും സ്‌കൂൾസ് ചാൻസലറും ബില്ലിനെ അനുകൂലിച്ച് രംഗത്ത് മുൻപ് തന്നെ വന്നിരുന്നു.
Comments