അന്താരാഷ്‌ട്ര വിപണയിൽ ഇവന്‌റെ വില രണ്ടര ലക്ഷം രൂപയ്‌ക്കും മുകളിൽ ഇന്ത്യയിൽ ഇവന് കിലോക്ക് രണ്ടായിരം രൂപയോളമുണ്ട് വില. മാങ്ങകളിലെ അതിശയൻ ജപ്പാൻ മിയാസാക്കിയെ വിളയിച്ച് ത്രിപുരയിലെ കർഷകർ. പതിവുകാരായ അമരാപള്ളി,ഹിമസാഗർ,ഹരിബാംഗ,വെർമിസ് തുടങ്ങിയ വിഭാഗങ്ങൾക്കൊപ്പമാണ് മിയാസാക്കിയും കൃഷി ചെയ്തത്. നേരത്തെ പശ്ചിമ ബംഗാളിലും കർഷകർ ഇത് കൃഷി ചെയ്തിരുന്നു. ജപ്പാനിൽ സാധാരണയായി കാണപ്പെടുന്ന ഈ മാമ്പഴത്തിന്റെ വിളവെടുപ്പ് സീസൺ പ്രധാനമായും ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയാണ്.
മിയാസാക്കി മാമ്പഴം പഴുക്കുമ്പോൾ ആകർഷകമായ പരിവർത്തനത്തിന് വിധേയമാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. തുടക്കത്തിൽ പർപ്പിൾ നിറമാണെങ്കിൽ, മാമ്പഴത്തിന്റെ പാകമാകുമ്പോൾ കടുത്ത ചുവപ്പായി മാറുന്നു. ഒരു മാമ്പഴത്തിന് ഏകദേശം 350 ഗ്രാം മുതൽ 900 ഗ്രാം വരെ തൂക്കമുണ്ടാവും. ആന്റി ഓക്സിഡന്റുകൾ, ബീറ്റാ കരോട്ടിൻ, ഫോളിക് അസിഡ് എന്നിവയുടെയെല്ലാം മികച്ച സ്രോതസ്സാണ് മിയാസാക്കി മാമ്പഴം എന്നും പറയുന്നു.
ഈ മാമ്പഴത്തിന് വലിയ തരത്തിലുള്ള കാവലുകൾ ഉടമകൾ ഏർപ്പെടുത്താറുണ്ട്. നേരത്തെ ഇന്ത്യയിൽ ഒരു ദമ്പതികൾ ഈ മാമ്പഴം കൃഷി ചെയ്തിരുന്നു. അന്ന് അത് സംരക്ഷിക്കാൻ 6 നായ്‌ക്കളെയും കാവൽക്കാരെയും ഏർപ്പാടാക്കിയത് വാർത്തയായിരുന്നു.കൃത്യമായ രേഖയടങ്ങിയ ടാഗോടെയുള്ള തൈകൾക്ക് 6000 രൂപ മുതലാണ് വില. യഥാർത്ഥ തൈകൾ വിമാനത്തിലും കപ്പലിലും കൊറിയറിലും വരുത്താമെങ്കിലും ഇന്ത്യയിലെത്തുമ്പോൾ രണ്ടു മാസം ക്വാറന്റൈനിൽ വയ്‌ക്കണമെന്നും മറ്റും നിബന്ധനയുള്ളതിനാൽ എളുപ്പമല്ല. തായ്‌ലൻഡിൽ നിന്ന് ബംഗ്‌ളാദേശ് വഴി റോഡ് മാർഗം എത്തുന്ന തൈകളാണ് വില്പനയ്‌ക്കുള്ളത്.ആവശ്യക്കാർ ഏറിയതോടെ തൈകളുടെ ലഭ്യത കുറഞ്ഞു.നാല് വർഷത്തോളമെടുക്കും കായ്‌ക്കാനെന്നാണ് വിവരം.വില കുറഞ്ഞ അമേരിക്കൻ പാൽമർ മാവിൻത്തൈകളും മിയാസാക്കിയെന്ന പേരിൽ വില്പനയ്‌ക്ക് വരുന്നതിനാൽ കരുതലോടെ വേണം തൈ വാങ്ങാൻ.
Comments