ഭുവനേശ്വർ: 278 ജീവനുകൾ നഷ്ടമായ ഒഡീഷയിലെ ബാലസോർ ട്രെയിൻ അപകടത്തിൽ അന്വേഷണം ഊർജ്ജിതമാക്കി സിബിഐ. അട്ടിമറി സാധ്യത ഉൾപ്പടെയുള്ള വശങ്ങളാണ് സിബിഐ പ്രത്യേക സംഘം പരിശോധിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ, സിഗ്‌നലിംഗ് ഓഫീസർ ഉൾപ്പടെ 5 പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തു. ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുൾപ്പടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ സിബിഐ നേരത്തെ പിടിച്ചെടുത്തിരുന്നു .
നേരത്തെ പതിനഞ്ച് ഉദ്യോഗസ്ഥരുടെയും അവരുടെ ബന്ധുക്കളുടെയും മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ ഉൾപ്പടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. കൂടാതെ റെയിവേ സ്റ്റേഷനിലെ ഡിജിറ്റൽ ഉപകരണങ്ങളും, ലോഗ്ബുക്കും സിബിഐ സീൽ ചെയ്തിരുന്നു.
കോറമണ്ഡൽ എക്‌സ്പ്രസിന് മെയിൻ ലൈനിൽ കടന്നുപോകാൻ സിഗ്‌നൽ നൽകിയിട്ടും പാളത്തിലെ ഇലക്ട്രോണിക് ഇന്റർലോക്കിങ് സംവിധാനം എങ്ങനെ ചരക്ക് തീവണ്ടി നിർത്തിയിട്ടിരുന്ന ലൂപ്പ് ലൈനിലേക്ക് മാറി എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. റെയിൽവേ സുരക്ഷാ കമ്മീഷണറുടെ അന്വേഷണവും പുരോഗമിക്കുന്നുണ്ട്. അതേസമയം അപകടത്തിൽ മരണപ്പെട്ട 81 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും മൃതദേഹങ്ങൾ പ്രത്യേകം സൂക്ഷിക്കുകയാണെന്നും ഒഡീഷ സർക്കാർ അറിയിച്ചു.
















Comments