കുറച്ച് കാലങ്ങളായി തെന്നിന്ത്യൻ സിനമാലോകത്ത് സജീവ ചർച്ചയായിരുന്നു നടി തമന്നയും ബോളിവുഡ് നടന്‍ വിജയ് വര്‍മയും തമ്മിലുള്ള ബന്ധം. ഇരുവരും ഡേറ്റിങ്ങിലാണോ എന്ന ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. തമന്നയും വിജയ് വര്‍മ്മയും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ, കേട്ടതെല്ലാം ഗോസിപ്പല്ലെന്നും താനും വിജയ് വർമയും പ്രണയത്തിലാണെന്നും സമ്മതിച്ചിരിക്കുകയാണ് തമന്ന.
ഒരു അഭിമുഖത്തിനിടയിലാണ് തന്റെ പ്രണയ വിവരം തമന്ന വെളിപ്പെടുത്തിയത്. കൂടെ അഭിനയിച്ചു എന്നു പറഞ്ഞ് ഒരു സഹതാരവുമായി അടുപ്പമുണ്ടാവുമെന്ന് കരുതുന്നില്ലെന്ന് തമന്ന പറഞ്ഞു. ലസ്റ്റ് സ്റ്റോറീസ് 2-ന്റെ സെറ്റിൽ വെച്ചാണ് വിജയ് വർമയുമായി അടുപ്പത്തിലായതെന്നും താൻ തേടിക്കൊണ്ടിരുന്നയാളാണ് അദ്ദേഹമെന്നും തമന്ന തുറന്ന് പറഞ്ഞു.
‘വളരെയേറെ സ്വാഭാവികമായി ഉടലെടുത്ത ബന്ധമായിരുന്നു അത്. ഒരു സ്ത്രീ തന്റെ ജീവിതം മുഴുവനും ആർക്കെങ്കിലും വേണ്ടി മാറ്റിമറിക്കേണ്ടത് ഇന്ത്യയിലും ഉണ്ടെന്ന് ഞാൻ കരുതുന്നു. ഞാൻ ആഴത്തിൽ ശ്രദ്ധിക്കുന്ന ഒരു വ്യക്തിയാണ് വിജയ്. അതെ, അദ്ദേഹം എന്റെ സന്തോഷത്തിന്റെ ഇടമാണ്.’- തമന്ന പറഞ്ഞു.
വിജയ്‌ക്കൊപ്പം പുതുവത്സരം ആഘോഷിക്കുന്ന തമന്നയുടെ ചിത്രം പുറത്തു വന്നപ്പോഴാണ് ഇരുവരുടേയും പ്രണയത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ആദ്യം പ്രചരിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ഒക്ടോബറിൽ ദിൽജിത് ദോസഞ്ചിന്റെ സംഗീതക്കച്ചേരി, കഴിഞ്ഞ വർഷം നവംബറിൽ നടന്ന ഒരു ഫാഷൻ ഇവന്റ് എന്നിങ്ങനെ ഒന്നിലധികം അവസരങ്ങളിൽ ഇരുതാരങ്ങളേയും ഒരുമിച്ച് കണ്ടിരുന്നു.പ്രണയം വെളിപ്പെടുത്തിയതോടെ ഇരുവരുടെയും വിവാഹത്തെ കുറിച്ചാണ് ആരാധകർ ചർച്ചയാക്കുന്നത്. അതേസമയം തമന്നയും വിജയിയും ഒരുമിച്ചഭിനയിച്ച ലസ്റ്റ് സ്റ്റോറീസ് 2 പ്രദർശനത്തിനൊരുങ്ങുകയാണ്.
















Comments