ചെന്നൈ: തമിഴ്നാട് വൈദ്യുതി, എക്സൈസ് മന്ത്രി വി. സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തു. എഐഡിഎംകെ മന്ത്രി സഭയിൽ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയായിരിക്കെ സെന്തിൽ ബാലാജി ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്. ചെന്നൈയിലെ ഔദ്യോഗിക വസതിയിൽ 17 മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം മന്ത്രിയുടെ ഓഫീസിലും വീട്ടിലും ഇഡി പരിശോധന നടത്തിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ബാലാജിക്ക് നെഞ്ചു വേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മന്ത്രിയുടെ അറസ്റ്റിൽ പ്രതിഷേധവുമായി ഡിഎംകെ നേതാക്കൾ രംഗത്തെത്തി. ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെയുള്ള മന്ത്രിമാർ സെന്തിലിനെ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. അറസ്റ്റ് നിയമവിരുദ്ധമെന്നും നിയമപരമായി നേരിടുമെന്നും ഡിഎംകെ പറഞ്ഞു.
സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിന്റെ ചെന്നൈയിലെയും കരൂരിലെയും വീടുകളിലും ഇവരുടെ ഉടമസ്ഥതയിലുള്ള വിവിധ കേന്ദ്രങ്ങളിലും സ്ഥലങ്ങളിലും കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ട 40 ഓളം കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഇഡി റെയ്ഡ്.
കരൂരിൽ പരിശോധനയ്‌ക്കെത്തിയ ആദായനികുതി ഉദ്യോഗസ്ഥരെ മന്ത്രിയുടെ അനുയായികൾ ആക്രമിക്കുകയും ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്ന രേഖകൾ തട്ടിപ്പറിക്കുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിലും മന്ത്രിയും സഹാദരനുമാണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. അക്രമികൾക്കെതിരെ ലോക്കൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.
















Comments