പത്തുമാസം ചുമന്നു പെറ്റ അമ്മയുടെ കഥ എല്ലാരുടെയും മനസലിയിപ്പിക്കുന്നതാണ്. എന്നാൽ അമ്മയുടെ ഉള്ളിൽ നമ്മുടെ ജീവന്റെ തുടിപ്പ് വന്നതുമുതൽ തന്റെയുള്ളിലും പ്രതീക്ഷകളും സ്വപ്നങ്ങളുമൊക്കെ നെയ്തെടുക്കുന്ന ആളാണ് അച്ഛൻ. അതെല്ലാം കൊണ്ടു തന്നെയല്ലേ അച്ഛനെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെയെല്ലാം കണ്ണുകൾ നനയുന്നത്.
ജനനം മുതൽ അച്ഛന് നമുക്ക് എല്ലാമെല്ലാമാണ്. നമുക്ക് ഓർമയുണ്ടാവില്ലെങ്കിൽ പോലും നമ്മെ പിച്ചവയ്‌ക്കാൻ പഠിപ്പിച്ചത് അച്ഛനായിരിക്കും. വളർച്ചയുടെ ഓരോ ഘട്ടത്തിലും നമുക്ക് അച്ഛൻ താങ്ങായും തണലായും കൂടെകാണും. കുടുംബത്തിൽ എല്ലായ്പ്പോഴും സ്നേഹവും പങ്കാളിത്തവും പകർന്നു നൽകുന്നതിന്റെ ആദ്യ മാതൃക കാണിച്ചു തരുന്നതും അച്ഛനാണ്. തന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ ഓരോന്നും തിരിച്ചറിഞ്ഞ് നിറവേറ്റാൻ നിർത്താതെ പരിശ്രമിക്കുന്ന ആളാണ് അച്ഛൻ. സന്തോഷത്തിൽ കൂടെ ചേർന്ന് ചിരിക്കാനും സങ്കടങ്ങളിൽ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാനും അച്ഛനെപ്പോലെ വേറാർക്കും കഴിയില്ല.
നമ്മുടെ ജീവിതത്തിൽ അച്ഛനുള്ള സ്വാധീനം ഓർത്തെടുക്കാനും അതിനെ ആദരിക്കാനുമുള്ള ഏറ്റവും നല്ല അവസരമാണ് ഫാദേഴ്സ് ഡേ. ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ലോകമെമ്പാടും ‘ഫാദേഴ്സ് ഡേ’ ആയി ആഘോഷിക്കുന്നത്. ഈ വർഷം ജൂൺ 18- നാണ് ഈ ദിനം ലോകമെമ്പാടുമുള്ളവർ ആഘോഷിക്കുന്നത്. ഫാദേഴ്സ് ഡേ എന്ന ആശയം ആദ്യമായി ഉയരുന്നത് അമേരിക്കയിലാണ്.
ഫാദേഴ്സ് ഡേയുടെ പ്രതീകമായ ചുവന്ന റോസാപ്പൂക്കള്‍ അച്ഛന് സമ്മാനിച്ചാണ് വിദേശത്ത് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. കേക്ക് മുറിച്ചും അച്ഛനൊപ്പം സമയം പങ്കുവെച്ചും നമ്മുടെ രാജ്യത്തും ഫാദേഴ്സ് ഡേ ആഘോഷിക്കുന്നു.
അമേരിക്കയിലെ സൊനോറ സ്മാർട്ട് ഡോഡ് പെൺകുട്ടിയാണ് ഫാദേഴ്സ് ഡേ എന്ന ആശയത്തിനു പിന്നിൽ എന്നാണ് ചരിത്രം. അമ്മയുടെ മരണത്തോടെ അച്ഛൻ വില്യം ജാക്സൺ സ്മാർട്ട് ഒറ്റയ്‌ക്കായിരുന്നു സൊനോറയേയും അഞ്ച് സഹോദരന്മാരെയും വളർത്തിയത്. വില്യം ജാക്സൺ എന്ന ആ അച്ഛൻ വിഷമങ്ങളും പ്രതി സന്ധികളും അറിയിക്കാതെ മക്കളെ വളർത്തി. തന്റെ അച്ഛൻ വലിയൊരു സന്തോഷം സമ്മാനിക്കണ മെന്ന് കുറച്ചു മുതിര്‍ന്നപ്പോള്‍ മകള്‍ക്ക് തോന്നി. അവള്‍ പലരോടും ഈ കാര്യം പങ്കുവെച്ചു. എല്ലാവരും ചേര്‍ന്ന് അവളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കി. അങ്ങനെ 1910 ജൂണിലെ ഒരു ഞായറാഴ്ച പ്രാദേശികമായി ഫാദേഴ്‌സ് ഡേയായി ആഘോഷിക്കുകയായിരുന്നു.
1972ല്‍ എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലെ മൂന്നാം ഞായറാഴ്ച ഫാദേഴ്സ് ഡേ ആയി ആചരിക്കണമെന്ന പ്രഖ്യാപനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സണ്‍ ഒപ്പു വച്ചതോടെയാണ് ഔപചാരികമായി ഈ ദിനം ആചരിക്കാന്‍ തുടങ്ങിയത്.
















Comments