ഡെറാഡൂൺ: മാതാപിതാക്കളുടെ മൃതദേഹത്തിനൊപ്പം ദിവസങ്ങളോളം കഴിഞ്ഞ നവജാതശിശുവിനെ രക്ഷപ്പെടുത്തി. ആത്മഹത്യ ചെയ്ത മാതാപിതാക്കളുടെ മൃതദേഹത്തിനൊപ്പം മൂന്ന് ദിവസത്തോളമായിരുന്നു കുഞ്ഞ് അതിജീവിച്ചത്. ഒടുവിൽ വീടിനുള്ളിൽ നിന്നും ദുർഗന്ധം വമിക്കുന്നുവെന്ന പ്രദേശവാസികളുടെ പരാതിയെ തുടർന്ന് പോലീസെത്തി വാതിൽ തുറന്നപ്പോഴാണ് മരിച്ചുകിടക്കുന്ന മാതാപിതാക്കളെയും അവരുടെ ജീവനുള്ള കുഞ്ഞെനെയും കണ്ടെത്തിയത്.
കുഞ്ഞ് ജനിച്ച് വെറും നാല് ദിവസം പിന്നിട്ടപ്പോഴായിരുന്നു മാതാപിതാക്കൾ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു. എന്നാൽ വിവരം ആരും അറിയാത പോയതോടെ മൃതദേഹത്തിനൊപ്പം നവജാതശിശുവിനും കഴിയേണ്ടി വന്നു. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ഡെറാഡൂണിലെ ഒരു ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
25-കാരനായ ഭർത്താവും 22-കാരിയായ ഭാര്യയും വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. വീടിന്റെ വാതിൽ വെട്ടിപ്പൊളിച്ച് പോലീസ് അകത്തുകയറുമ്പോൾ മൃതദേഹത്തിന് മൂന്ന് ദിവസത്തോളമായിരുന്നു പഴക്കം. അരികിൽ കിടന്നിരുന്ന നവജാതശിശുവിന് ജീവനുണ്ടെന്ന് മനസിലായതോടെ ഉടൻ ആശുപത്രിയിലെത്തിച്ചു.
കുടുംബ വഴക്കിനെ തുടർന്നാണ് മാതാപിതാക്കൾ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നൽകുന്ന സൂചന. മരിച്ച സ്ത്രീ യുവാവിന്‌റെ രണ്ടാം ഭാര്യയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്ന് പോലീസ് അറിയിച്ചു.
Comments