വൈക്കോലുകൾ നിറച്ച ചാക്കുകൾ, ബാറുകളായി മുളവടി. ഒപ്പം സ്‌കൂളിലെ കായിക പരിശീലകൻ. ഇതുമാത്രം മതിയായിരുന്നു ഹരിയാന ഫത്തേഹാബാദ് സ്വദേശിയായ പൂജയ്‌ക്ക് ഹൈജമ്പിൽ നേട്ടങ്ങൾ കൊയ്യാൻ.കൊറിയയിലെ യെച്ചയോണിൽ അടുത്തിടെ നടന്ന ഏഷ്യൻ അണ്ടർ-20 ചാമ്പ്യൻഷിപ്പിൽ നിന്ന് വെള്ളി മെഡൽ നേട്ടവുമായി മടങ്ങിയ പൂജയ്‌ക്ക് പറയാനുള്ളത് പരിമിതികളുടെ മാത്രം കഥയാണ്.1.82 മീറ്റർ ഉയരം കീഴടക്കിയ പൂജ തിരുത്തിക്കുറിച്ചത് അണ്ടർ18 അണ്ടർ20 ദേശീയ റെക്കോർഡുകളുമാണ്. പൂജയുടെ പ്രകടനം പരിശീലകരെയും ഞെട്ടിച്ചു.
16കാരിയായ പൂജയുടെ പിതാവ് ഹൻസ്രാജിന് ഹൈജമ്പ് എന്ന കായിക ഇനം എന്താണെന്ന് പോലും അറിയില്ല. എങ്കിലും മകളുടെ നേട്ടങ്ങളിൽ മേസ്തിരി പണിക്കാരനായ പിതാവിന് അഭിമാനമാണ്. ‘ഞാൻ മകളോട് നിരന്തരം ചോദിക്കുകയാണ് നീ എങ്ങനെയാണ് ഈ ഉയരം ചാടിക്കടന്നതെന്ന്. എനിക്കത് അത്ഭുതമാണ്.ഹൻസ്രാജ് പറഞ്ഞു. പത്തുമണിക്കൂർ ജോലി ചെയ്താലാണ് ഹൻസ്രാജിന് 500 രൂപ കൂലി ലഭിക്കുന്നത്.ഇതിലാണ് കുടുംബത്തിന്റെ ചെലവുകൾ.
ബൽവാൻ പത്ര എന്ന കോച്ചിന്റെ അക്കാഡമിയിൽ 30 കുട്ടികൾക്കൊപ്പമാണ് പൂജയുടെ പരിശീലനം. അവൾ അച്ഛനൊപ്പം ആദ്യമായി അക്കാഡിമിയിലെത്തിയത് യോഗ പഠിക്കാനായിരുന്നു എന്ന് ബൽവാൻ പറയുന്നു. ശാരീരിക പരിശോധകൾക്ക് ശേഷം പൂജയുടെ കായികക്ഷമത ബോദ്ധ്യപ്പെട്ട കോച്ച് അവളെ ഹൈ ജമ്പിലേക്ക് വഴിതിരിക്കുകയായിരുന്നു. എന്നാൽ അത് എളുപ്പമായിരുന്നില്ല. പരിശീലനത്തിന് വേണ്ട ഒന്നും തന്നെയുണ്ടായിരുന്നില്ല. പിന്നീട് വൈക്കോലുകൾ നിറച്ച ചാക്കുകൾ തുന്നിക്കെട്ടി പിറ്റും മുളവടികൊണ്ട് ബാറും സജ്ജമാക്കി. ഇങ്ങനയായിരുന്നു ബാലപാഠങ്ങൾ. ഒരുവർഷത്തിന് ശേഷം ബൽവാന്റെ സുഹൃത്തും ജാവലിൻ കോച്ചുമായ ഹനുമാൻ ഒരുപിറ്റ് അക്കാഡമിക്ക് സമ്മാനിച്ചു. അപ്പോഴും ബാർ മുളവടി തന്നെയായിരുന്നു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ജൂനിയർ മത്സരങ്ങളിൽ ഫോസ്ബറി ടെക്‌നിക് അപകടസാധ്യതയുള്ളതിനാൽ ജൂനിയർ ജമ്പർമാരെ ഉപയോഗിക്കാൻ ഫെഡറേഷൻ അനുവദിച്ചില്ല. ഇത് മറികടക്കാൻ പൂജ സ്വന്തമായി ടെക്‌നിക്ക് ഉണ്ടാക്കി. അത് പരിശീലകർക്കടക്കം വലിയൊരു അത്ഭുതമായി. കഴിഞ്ഞ മാസം ബെംഗളൂരുവിൽ നടന്ന ദേശീയ ക്യാമ്പിനിന്റെ തയാറെടുപ്പിനിടെ ഹൈജമ്പിലെ പഴയ റെക്കോർഡ് ഹോൾഡറായ സഹനകുമാരി പൂജയെ ശ്രദ്ധിച്ചു.”ഈ പ്രായത്തിൽ വെറും അഞ്ച് ചുവടുകൾ കൊണ്ട് അവൾ നേടുന്ന ഉയരം സമാനതകളില്ലാത്തതാണ്.അവർ പറഞ്ഞു.
Comments