ഷഡ് ദർശനങ്ങളിലൊന്നായ യോഗദർശനം ഭാരതത്തെ പ്രശസ്തിയിലേക്ക് ഉയർത്തിയതിൽ പ്രധാന പങ്കുവഹിക്കുന്നു. കൃത്യമായ കാല നിർണ്ണയം സാദ്ധ്യമല്ലാത്ത കാലത്ത് ഭാരതീയ ഋഷി പരമ്പര ലോകനന്മയ്‌ക്കായി രൂപം കൊടുത്ത ശാസ്ത്രമാണിത്. നൂറ്റാണ്ടുകളുടെ അടിമത്തത്തിൽ ആണ്ടു കിടന്ന ഒരു ജനത അതിന്റെ സ്വത്വം മറന്നു പോവുക സ്വാഭാവികമാണ്. അതിന്റെ ഫലമായി യോഗയുടെ ഗുണ ഗണങ്ങൾ അറിയാനോ മനസ്സിലാക്കാനോ പ്രയോഗിക്കാനോ ഭാരതീയർ ശ്രദ്ധ കാണിച്ചില്ല. എന്നാൽ എല്ലാക്കാര്യത്തിലും എന്ന പോലെ വിദേശികൾ ഇതിന്റെ മഹത്വം മനസ്സിലാക്കുകയും യോഗ പഠിക്കാനായി ഭാരതത്തിലേക്ക് എത്തുകയും ചെയ്തപ്പോൾ മാത്രമാണ് നമ്മുടെ പൂർവ്വികർ പരമ്പരയായി പൊന്നുപോലെ കാത്തു സൂക്ഷിച്ച ഈ നിധിയുടെ ഭാണ്ഡം ഒന്നു തുറന്നു നോക്കാൻ നാം തീരുമാനിച്ചത്. അതിലെ മുത്തും പവിഴവും രത്നക്കല്ലുകളും കാലാനുസൃതമായി തേച്ചുമിനുക്കി ലോകാേപകാരാർത്ഥം ഉപയോഗിക്കാൻ ഭാരതത്തിന്റെ ഭരണാധികാരികളും പ്രോത്സാഹനം നൽകിയിട്ടുണ്ടെന്നത് ശുഭോദർക്കമാണ്.
ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വർഷം പൂർത്തിയാക്കുന്ന ഈ കാലത്ത് ഈ ദർശനത്തെ സമസ്ത ജനങ്ങളിലും എത്തിക്കേണ്ടത് ഓരോ ഭാരതീയൻ്റേയും കടമയാണ്. അഷ്ടാംഗ യോഗമെന്ന പതഞ്ജലീദർശനത്തിലെ മൂന്നാം പടിയായ ആസനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന പരിശീലനമാണ് ഇന്നു പൊതുവെ കണ്ടു വരുന്നത്. ആദ്യത്തെ രണ്ടു പടികളായ യമ-നിയമാദികൾ മറക്കാൻ പാടില്ലാത്തതാണെന്ന കാര്യം എല്ലാ യോഗാചാര്യന്മാരെയും ഓർമ്മിപ്പിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു.
യമ-നിയമങ്ങൾ അനുസരിക്കുന്ന ആളിനു മാത്രമാണ് ആസന പരിശീലനം വിധിച്ചിരിക്കുന്നത്. ആസനജയം നേടിയവരാണ് പ്രാണായാമം പരിശീലിക്കേണ്ടത് . അവർക്കു മാത്രമേ പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ പടികളിലേക്ക് കടക്കാൻ അർഹതയുള്ളു എന്നൊന്നും വാശി പിടിക്കാനാവാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത് എന്നത് ഇവിടെ വിസ്മരിക്കുന്നില്ല. പക്ഷേ, യാഥാർത്ഥ്യം അതു തന്നെയാണെന്നത് നിഷേധിക്കാനും എനിക്കു പറ്റുന്നില്ല.
സാമൂഹ്യ അച്ചടക്ക (സോഷ്യൽ ഡിസിപ്ലിൻ – Social Discipline) വും വ്യക്തിപരമായ അച്ചടക്ക (Personal Discipline) വും കൈമോശം വന്ന ഒരു ജനതയെ നേർവഴിക്കു നയിക്കാൻ യമ-നിയമപാലനം ഒരു പരിധി വരെയെങ്കിലും അത്യന്താപേക്ഷിതമാണ് എന്നു പറയാതെ വയ്യ. യമത്തിലെ അഹിംസ, സത്യം, അസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം എന്നീ അഞ്ചു കാര്യങ്ങളും പാലിക്കുന്ന ഒരു തലമുറ വളർന്നു വരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണ്. അഹിംസാ ബോധം എന്നത് പ്രാണി ഹിംസ ഒഴിവാക്കണമെന്ന ബോധമല്ല. മറ്റുള്ളവരുടെ മനസ്സിനെ വ്രണപ്പെടുത്തുന്ന കാര്യങ്ങൾ പോലും ഹിംസയാണെന്ന തിരിച്ചറിവിലേക്ക് എത്തിച്ചേരലാണത്. സത്യത്തെ ദൈവമായിക്കരുതുന്ന ഒരു പാരമ്പര്യം ഭാരതീയർക്കുണ്ട്. ഇന്നും ഭൂരിഭാഗം ജനങ്ങളും ഒരു വലിയ പരിധി വരെ സത്യസന്ധരാണ്.
അസ്തേയം, അപരിഗ്രഹം എന്നീ വാക്കുകളിലൂടെ തനിക്കു വേണ്ടതു മാത്രം – അതും എത്രയും കുറച്ച് – സ്വീകരിക്കുക എന്നതും, അന്യന്റെ മുതൽ മോഷ്ടിക്കുകയില്ലെന്നു മാത്രമല്ല മനസ്സുകൊണ്ട് ആഗ്രഹിക്കുക പോലും ചെയ്യാൻ പാടില്ല എന്നതുമാണ് പൂർവ്വസൂരികൾ നമ്മോട് നിർദ്ദേശിക്കുന്നത്.
ബ്രഹ്മചര്യമെന്നാൽ സ്ത്രീ-പുരുഷസംഗം ഒഴിവാക്കണമെന്ന കടുത്ത അർത്ഥത്തിൽ എടുക്കേണ്ട ഒന്നല്ല. നാമെല്ലാം ഉണ്ടായി വന്നത് സ്ത്രീ-പുരുഷ സംഗത്താൽ തന്നെയാണ് എന്നതിനാൽ , അതിനെ കണ്ണടച്ച് എതിർക്കാൻ നമ്മുടെ ആചാര്യന്മാർ ശ്രമിക്കുമെന്നു കരുതുന്നത് മൗഢ്യമാണ്. മാത്രമല്ല , ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നിങ്ങനെയുള്ള ചതുരാശ്രമങ്ങൾ വിധിച്ചതും അവർ തന്നെയാണ്. അപ്പോൾ ഗൃഹസ്ഥാശ്രമിക്ക് ജീവിത പങ്കാളിയുമായുള്ള സംഗം നിഷേധിക്കുമെന്ന് കരുതാനാവില്ല. നല്ല സന്തതിയുണ്ടാകാനും അതുവഴി നല്ല പാരമ്പര്യം നിലനിർത്താനും ഗർഭാധാനം മുതൽ അന്ത്യേഷ്ടി വരെയുള്ള ഷോഢശ്ശ ക്രിയകളെ നിർദ്ദേശിച്ചതും ഇതേ ആചാര്യന്മാർ തന്നെയാണ്. ബ്രഹ്മചാരിയുടേയും സന്യാസിയുടേയും സംരക്ഷണച്ചുമതലയും ഗൃഹസ്ഥാശ്രമിക്കു തന്നെയാണെന്ന് പ്രത്യേകം നിർദ്ദേശിക്കുക വഴി വലിയ ഒരു ചുമതല കൂടി ഗൃഹസ്ഥാശ്രമിക്കുണ്ടെന്ന് ഓർമ്മിപ്പിക്കാനും അവർ മറന്നില്ല.
എന്നും സ്മരിക്കേണ്ട വസിഷ്ഠനേയും അരുന്ധതിയേയും ദമ്പതിമാരായ നക്ഷത്രങ്ങളായി നമ്മുടെ മുമ്പിൽ അവതരിപ്പിക്കുക വഴി ബ്രഹ്മചര്യത്തെ കൃത്യമായി നിർവ്വചിച്ചിരിക്കുക കൂടിയാണ് അവർ ചെയ്തിരിക്കുന്നത് എന്നാണ് എനിക്കു തോന്നുന്നത്. അതായത് , Celebasy എന്ന ഇംഗ്ലീഷ് വാക്കു കൊണ്ട് ബ്രഹ്മചര്യത്തെ നിർവ്വചിക്കാനാവില്ല എന്നു ചുരുക്കം. വിവാഹിതനായ ശ്രീരാമകൃഷ്ണ ദേവനും , പേരിനെങ്കിലും വിവാഹിതനായ ശ്രീനാരായണ ഗുരുദേവനും നയിച്ച ജീവിതമല്ല ഗൃഹസ്ഥർ നയിക്കേണ്ടത് എന്നു സാരം. അവർക്ക് ചില പ്രത്യേക ജന്മനിയോഗങ്ങൾ ഉണ്ടായിരുന്നു. പൂർവ്വജന്മപുണ്യം കൊണ്ട് ലോക നന്മയ്‌ക്കായി ചില കാര്യങ്ങൾ ചെയ്ത് മടങ്ങിപ്പോകാനെത്തിയ അവർ അതു പൂർത്തിയാക്കി മടങ്ങിപ്പോയി എന്നു കരുതിയാൽ മതി.
എന്നാൽ സാധാരണക്കാരായ നമ്മൾ സ്വധർമ്മ നിർവ്വഹണം നടത്തി , സമയമാകുമ്പോൾ വാനപ്രസ്ഥവും തുടർന്ന് സന്യാസവും ഒക്കെയായി ചതുരാശ്രമം പൂർത്തിയാക്കേണ്ടവർ തന്നെയാണ്. (വാനപ്രസ്ഥമെന്നാൽ കാട്ടിൽ പോയി വസിക്കുക എന്ന അർത്ഥമേയല്ല എന്ന് ഗ്രഹിക്കണം. വനപ്രസ്ഥമല്ല ; വാനപ്രസ്ഥമാണ് . വാനത്തിന് ആകാശം എന്ന അർത്ഥമാണ് എടുക്കേണ്ടത്. താൻ അതുവരെ ആർജ്ജിച്ച വിദ്യയും വിത്തവും ലോകനന്മക്കായി ഉപയോഗിച്ച് വാനത്തോളം – മാനം മുട്ടെ – ഉയരാൻ സാധിക്കേണ്ട ഘട്ടമാണത് .) വ്യക്തി , ചാരിത്ര്യശുദ്ധി പാലിക്കേണ്ട ആളാണെന്ന ഓർമ്മപ്പെടുത്തലും ഇതിലുണ്ട്.
രണ്ടാം പടിയായ “നിയമ” ത്തിലുള്ള ശൗചം, സന്തോഷം, തപസ്സ്, സ്വാദ്ധ്യായം, ഈശ്വരപ്രണിധാനം എന്നീ അഞ്ചു കാര്യങ്ങൾ തികച്ചും വ്യക്തിനിഷ്ഠമാണ്. ശൗചമെന്നതുകൊണ്ടു് ശരീരശുദ്ധിക്കൊപ്പം തന്നെ മന:ശുദ്ധിയും പാലിക്കണമെന്ന ഓർമ്മപ്പെടുത്തലാണ് ഉദ്ദേശിക്കുന്നത്. മനസ്സിൽ സന്തോഷമുണ്ടെങ്കിലേ അതു പകർന്നു കൊടുക്കാനാവുകയുള്ളു. നമ്മുടെ ഉള്ളിലുള്ള സന്തോഷത്തെ പുറത്തു തെരഞ്ഞു നടക്കാതെ നമ്മുടെ ഉള്ളിലേക്കു തന്നെ കടന്ന് സ്വയം തെരയാനാണ് യോഗശാസ്ത്രം അനുശ്വാസിക്കുന്നത്. തപസ്സെന്നാൽ എല്ലാം ഉപേക്ഷിച്ച് കാട്ടിൽ പോയിരുന്ന് ജപിക്കലാണെന്ന് ധരിക്കല്ലേ . തന്റെ കർമ്മമണ്ഡലത്തിൽ – അത് ഏതു മണ്ഡലവുമായിക്കൊള്ളട്ടെ – സമർപ്പണബുദ്ധിയോടെ പ്രവർത്തിക്കുന്നത് തപസ്സു തന്നെയാണ്. (ഉത്തമയായ വീട്ടമ്മയുടെ സമർപ്പണബുദ്ധിയോടെയുള്ള കർമ്മനിർവ്വഹണവും ഉത്തമനായ അദ്ധ്യാപകന്റെ സമർപ്പണബുദ്ധിയോടെയുള്ള കർമ്മനിർവ്വഹണവും തപസ്സു തന്നെയാണ് എന്നു തിരിച്ചറിയൂ.)
അറിയാനും പഠിക്കാനും ഇനിയും ഏറെയുണ്ടെന്ന ചിന്ത കൂടുതൽ അറിവു നേടാൻ സഹായിക്കും. സ്വാദ്ധ്യായം എന്നതിലൂടെ, ഒരറിവും ചെറുതല്ലെന്നും അറിഞ്ഞതിലേറെ ഇനി അറിയാനുണ്ടെന്നുമുള്ള ബോധതലത്തിലേക്ക് എത്തണമെന്ന സാമാന്യ വസ്തുതയാണ് നമുക്ക് പറഞ്ഞു തരുന്നത്. ഒരു പരിധി കഴിഞ്ഞാൽ അറിവ് സ്വയം ആർജ്ജിക്കണമെന്ന സന്ദേശവും അതിലുണ്ട്.
കേവലമായ ഈശ്വരവിശ്വാസം എന്നതിനപ്പുറം ഈശ്വരൻ മാത്രമേയുള്ളു , മറ്റെല്ലാം തന്നെ അതിന്റെ അംശങ്ങൾ മാത്രമാണ് എന്ന ചിന്തയോടെ ജീവിക്കലാണ് ഈശ്വരപ്രണിധാനം. ‘ഈശാവാസ്യമിദം സർവ്വം’ എന്ന ഉപനിഷത് മാർഗ്ഗത്തിലേക്ക് ഉയരാൻ സാധാരണ മനുഷ്യരെ പ്രാപ്തരാക്കുന്ന യോഗശാസ്ത്രത്തെ വേണ്ട വിധം പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാൻ പ്രാപ്തരായവർ ഉണ്ടായി വരേണ്ടതുണ്ട്. അങ്ങനെയുള്ള ബുദ്ധിമതികൾ വേണ്ടത്ര ഉണ്ടായില്ലെങ്കിൽ കേവലം ആസന പരിശീലനം മാത്രമായി യോഗ പoനം മാറിപ്പോകും.അങ്ങനെ സംഭവിക്കാതിരിക്കാൻ ഓരോ യോഗാചാര്യന്മാരും കഴിവിന്റെ പരമാവധി ശ്രമിക്കണമെന്നാണ് യോഗദിന സന്ദേശമായി എനിക്ക് പറയുവാനുള്ളത്.
തയ്യാറാക്കിയത്:-
യോഗാചാര്യ സജീവ് പഞ്ച കൈലാസി
9961609128
9447484819
dsjvkumar@gmail.com
(ആരോഗ്യ ഭാരതി സംസ്ഥാന കാര്യദർശി ,
ഗവൺമെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത് ,
ഗവന്മെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത്ത്സ് അസോസിയേഷൻ (GICSNA – ജിക്ഷ്ണ) നാഷണൽ കമ്മിറ്റി സെക്രട്ടറി ,
പൈതൃക്(PYTRC – Patanjali Yoga Training & Research Centre) സംസ്ഥാന ഉപാദ്ധ്യക്ഷൻ, വൈദ്യ മഹാസഭ സംസ്ഥാന ചെയർമാൻ.)
















Comments