എറണാകുളം: ലേക്‌ഷോർ ആശുപത്രിക്കെതിരെ ഗുരുതര കണ്ടെത്തലുമായി കേസന്വേഷണത്തിന് നിർദ്ദേശിക്കുന്ന കോടതി റിപ്പോർട്ട്. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് മുൻപ് തന്നെ അവയവ മാറ്റത്തിനുള്ള നടപടികൾ ആശുപത്രി അധികൃതർ ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. മസ്തിഷ്‌ക മരണം സംഭവിക്കുന്നതിനു മുൻപ് അവയവമാറ്റ ശസ്ത്രക്രിയാ സംഘം എബിനെ സന്ദർശിച്ചു. യോഗ്യതയില്ലാത്ത ഡോക്ടർ അടങ്ങിയ സംഘമാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതെന്നും ഉത്തരവിൽ പറയുന്നു.
നിയമപരമായി അധികാരമില്ലാത്ത രണ്ട് ഉദരരോഗ വിദഗ്ധന്മാർ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. കരളിന്റെ പ്രവർത്തനം പരിശോധിക്കാൻ ഡോക്ടർമാരുടെ സംഘം നിർദ്ദേശിച്ചിരുന്നു. വിദഗ്ധ സംഘത്തിലെ ന്യൂറോ സർജനും ബന്ധപ്പെട്ട അതോറിറ്റി നിശ്ചയിക്കാത്ത ആളാണെന്നും ഉത്തരവിൽ പറയുന്നു.
മരണപ്പെട്ട എബിന്റെ ശരീരത്തിൽ നിന്നും അവയവങ്ങൾ നീക്കം ചെയ്യുന്നതിന് മുൻപ് പോസ്റ്റമോർട്ടം ചെയ്യുന്ന ഡോക്ടമാർക്ക് അവയവ ദാതാവിന്റെ ശരീരം പരിശോധിക്കാൻ അവസരം ഒരുക്കിയില്ലെന്നുള്ള പുനരന്വേഷണ റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. എബിന്റെ കരളും, വൃക്കയും നീക്കം ചെയ്ത കൂട്ടത്തിൽ ഹൃദയത്തിന്റെ കുറെ ഭാഗങ്ങൾ കൂടി നീക്കം ചെയ്തിരുന്നതായി ചെയ്ത ഡോക്ടർ മൊഴി നൽകിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
മൃതദേഹത്തോട് അനാദരവ് കാണിച്ചതിന് ലേക്‌ഷോർ ആശുപത്രിയിലെ ഡോ ബി. വേണുഗോപാൽ ഐപിസി 297 വകുപ്പ് പ്രകാരം കുറ്റംചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു. കോതമംഗലം സർക്കിൾ ഇൻസ്‌പെക്ടർ ഫെയ്മസ് വർഗീസ് 2011 ൽ സമർപ്പിച്ച പുനപരിശോധന റിപ്പോർട്ടിലാണ് ഗുരുതര ആരോപണം. എബിന്റെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് അവയദാനത്തെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.
എബിനെ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുത്ത് യുവാവിന്റെ അവയവങ്ങൾ വിദേശിയ്‌ക്ക് ദാനം ചെയ്‌തെന്ന പരാതിയിൽ കൊച്ചിയിലെ ലേക്ഷോർ ആശുപത്രിക്കെതിരെ കോടതി കേസെടുത്തിരുന്നു. കൊല്ലം സ്വദേശിയായ ഡോ. ഗണപതിയുടെ ഹർജിയിന്മേലാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി കേസെടുത്തിരിക്കുന്നത്. എട്ട് ഡോക്ടർമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
2009 നവംബർ 29 നാണ് ഉടുമ്പൻചോല സ്വദേശിയായ വിജെ എബിനെ അപകടം സംഭവിച്ചതിനെ തുടർന്ന് ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവാവിന്റെ തലയിലെ രക്തം കട്ടപിടിച്ചിരുന്നതായും എന്നാൽ അത് നീക്കം ചെയ്യാതെ ആശുപത്രി അധിക്യതർ യുവാവിനെ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി. രക്തം തലയിൽ കട്ട പിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി മരണം സംഭവിക്കാതെ തടയണമായിരുന്നു. എന്നാൽ അത് ഡോക്ടർമാർ ചെയ്തില്ലെന്നും യുവാവിനെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു എന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
ശേഷം യുവാവിന്റെ അവയവങ്ങൾ വിദേശികൾക്ക് ദാനം ചെയ്തു. എന്നാൽ നടപടി ക്രമങ്ങൾ ഒന്നുംതന്നെ പാലിക്കാതെയാണ് ആശുപത്രി അധികൃതർ വിദേശികൾക്ക് അവയവം ദാനം ചെയ്തതെന്ന് പരാതിക്കാരൻ ആരോപിച്ചു. ഇത് കോടതി ശരിവെക്കുകയായിരുന്നു. തുടർന്ന് പ്രതികൾക്ക് സമൻസ് അയക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.
















Comments