ആരോഗ്യ സംരക്ഷണത്തിന് ഭാരതം ലോകത്തിന് നൽകിയ മൗലികവും ശാസ്ത്രീയവുമായ സംഭാവനയാണ് യോഗ. യോഗ അഭ്യസിക്കുന്നത് ശരീരത്തിനെ പോലെ തന്നെ മനസിനും ഉണർവ് നൽകുന്നു. ദിവസവും ആഗോളതലത്തിൽ യോഗയുടെ ജനപ്രീതി കൂടി വരികയാണ്. ‘യുഗ്’ എന്ന സംസ്‌കൃത പദത്തിൽ നിന്നാണ് .യോഗ എന്ന വാക്കിന്റെ ഉത്ഭവം.
ശരീരഭാരം കുറയ്‌ക്കുന്നതിൽ യോഗയ്‌ക്കുള്ള പങ്ക് വളരെ വലുതാണ്. ഒരുപാട് ആളുകളെ ബാധിക്കുന്ന പ്രശ്‌നമാണ് അമിതഭാരം. ശരീരത്തെ ബാധിക്കുന്നതിനപ്പുറം മാനസിക ആരോഗ്യത്തെയും അമിതവണ്ണം ഇല്ലാതാക്കുന്നു. എന്നാൽ ഇതിൽ നിന്നുള്ള മോചനത്തിനായി യോഗ അഭ്യസിക്കുന്നത് മികച്ച ഫലങ്ങൾ നൽകും. തെറ്റായ ഭക്ഷണ രീതികളും വ്യായമക്കുറവുമാണ് മിക്കപ്പോഴും അമിതവണ്ണത്തിന് കാരണമാകുന്നത്. യോഗയുടെ ഗുണങ്ങൾ വെറും തടികുറയ്‌ക്കുക എന്നതിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല, ശരീരവഴക്കവും പ്രതിരോധ ശേഷിയും തന്നെ വർദ്ധിപ്പിച്ച് ജീവിതത്തെ യോഗ മാറ്റി മറിക്കുമെന്നതിൽ സംശയമില്ല. അത്തരത്തിൽ വണ്ണം കുറയുന്നതിനും മനസിനും ശരീരത്തിനും സമാധാനം കണ്ടെത്തുന്നതിനുമായി പരിശീലിക്കാവുന്ന യോഗസനങ്ങളെ പരിചയപ്പെടാം..
സുഖാസനം:– ശരീരത്തിന് ഏറ്റവും സുഖകരമായ യോഗാസനങ്ങളിൽ ഒന്നാണ് സുഖാസനം. ധ്യാനത്തിന് ഉപയോഗിക്കുന്ന യോഗാപോസ് കൂടിയായ സുഖാസനത്തിന് ശരീരത്തെയും മനസ്സിനെയും ശാന്തമാക്കാൻ അസാധാരണമായ കഴിവുണ്ട്. ശരീരത്തിന്റെ ബാലൻസ് വർദ്ധിപ്പിക്കാനും ഈ യോഗാസനമുറ സഹായിക്കുന്നു. ശരീരം സ്വാഭാവിക ബാലൻസ് വീണ്ടെടുക്കുന്നതോടെ അമിതമായി കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടാനുള്ള സാഹചര്യവും ഇല്ലാതാവുന്നു. നട്ടെല്ല് നിവർത്തി ചമ്രംപടിഞ്ഞിരിക്കുന്ന പൊസിഷൻ ആണ് സുഖാസനത്തിന്റേത്. കൈകൾ കാൽമുട്ടിനോട് ചേർത്ത് അയച്ചിടുക. ദീർഘശ്വസം എടുക്കാൻ ശ്രമിക്കുക. 30 സെക്കൻഡ് നേരമെങ്കിലും ശ്വാസം പിടിച്ചുനിർത്തുക. എട്ടോ പത്തോ തവണ ഇത് ആവർത്തിക്കുക.

നൗകാസനം: വഞ്ചിയോട് സാദൃശ്യമുള്ള രീതിയിൽ ശരീരത്തെ ക്രമീകരിക്കുന്ന യോഗമുറയാണ് നൗകസനം. തുടക്കത്തിൽ പത്ത് സെക്കൻഡ് നേരമെങ്കിലും ഈ പൊസിഷനിൽ ശരീരത്തെ നിലനിർത്തുക പതുക്കെ സമയം വർദ്ധിപ്പിക്കുക. ഉദരഭാഗത്തെ പേശികളെ ശക്തിപ്പെടുത്താനും വയറ്റിലെ കൊഴുപ്പ് ഇല്ലാതാക്കാനും നൗകാസനം സഹായിക്കുന്നു. നട്ടെല്ലിനും ഇടുപ്പിനും ഉത്തേജനം ലഭിക്കുകയും ശരീരത്തിന്റെ ബാലൻസ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു എന്നതും നൗകസനത്തിന്റെ ഗുണങ്ങളിൽ ഗുണങ്ങളിൽപ്പെടുന്നു. ദഹനശേഷി വർദ്ധിപ്പിക്കാനും നൗകാസനം മികച്ചതാണ്.

വീരഭദ്രാസനം:- ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്ന മറ്റൊരു യോഗ പോസാണിത്. നിന്നുകൊണ്ട് ശരീരം മുന്നോട്ടാഞ്ഞു ഒരു കാൽ മുട്ടുവളയാതെ പുറകിലോട്ട് നിവർത്തി കാലുകൾ തമ്മിൽ 90 ഡിഗ്രി പൊസിഷനിൽ വരത്തക്ക രീതിയിൽ കൊണ്ടുവരിക. കൈകൾ നിവർത്തി മുട്ടുവളയാതെ തലയുടെ അതേ പൊസിഷനിലോ അൽപ്പം മുകളിലോ കൊണ്ടുവരിക. സ്ഥിരമായി വീരഭദ്രാസനം ചെയ്യുന്നതിലൂടെ കാലുകൾക്കും കൈകൾക്കും ഇടുപ്പിനും നല്ല ദൃഢത ലഭിക്കുന്നു. ഇത് നിങ്ങളുടെ രക്തചംക്രമണ വ്യവസ്ഥയെയും ശ്വാസകോശത്തെയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

ത്രികോണാസനം:– നിൽക്കുന്ന പൊസിഷനിൽ നിന്നും കാലുകൾ അകത്തി ത്രികോണാകൃതിയിൽ വരത്തക്ക രീതിയിൽ ക്രമീകരിച്ച് ഇരുകൈകളും പൂർണ്ണമായും നിവർത്തി കൈമുട്ടുകൾ വളയ്‌ക്കാതെ ഏതെങ്കിലും ഒരു കാൽപാദത്തിന്റെ അടുത്ത് കൊണ്ടുവരിക. ഇരുകൈകളും നേർരേഖയിൽ ആയിരിക്കണം. കാൽമുട്ടുകൾ വളയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇതുപോലെ അടുത്ത കാൽപാദത്തിലും ആവർത്തിക്കുക. ഒരു ദീർഘനിശ്വാസത്തോടെ ത്രികോണാസനം തുടങ്ങുന്നതാണ് ഉചിതം. കാലിന്റെ പിൻഭാഗത്തെ ഞരമ്പുകൾക്കും ഇടുപ്പിനും അടിവയറിനും കാൽമുട്ടിനും കണങ്കാലിനും ത്രികോണാസനത്തിലൂടെ വ്യായാമം ലഭിക്കുന്നു. ആ ഭാഗങ്ങളിലെ കൊഴുപ്പ് ഇല്ലാതായി ശരീരം ദൃഢത കൈവരിക്കുന്നു.
പ്രസരിത പടോട്ടനാസന:- കാലുകൾ സ്ട്രെച്ച് ചെയ്ത് നിന്ന്, കൈകൾ പിറകിലേക്ക് പരാമവധി സ്ട്രെച്ച് ചെയ്ത് പിണച്ചുവച്ച ശേഷം പതിയെ കുനിഞ്ഞ് നിൽക്കുക. തല ഇരുകാലുകൾക്കുമിടയിൽ വരത്തക്ക വിധമാണ് നിൽക്കേണ്ടത്. ശേഷം പൊസിഷൻ ‘ഹോൾഡ്’ ചെയ്യാം. ശരീരത്തെ ടോൺ ചെയ്തെടുക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുമെല്ലാം ഈ പോസ് സഹായിക്കുന്നു.

ശലഭാസനം: കമഴ്ന്നു കിടന്നു താടി തറയിൽ പതിക്കുക. കൈകൾ മലർത്തി തുടയുടെ അടിഭാഗത്തോ അല്ലെങ്കിൽ വിരലുകൾ മടക്കി തുടയുടെ ഇരുഭാഗത്തും തറയിലോ പതിച്ചു വയ്‌ക്കുക. ശ്വാസം എടുത്തതിനുശേഷം കാലുകൾ 45 ഡിഗ്രി വരെ ഉയർത്തുക. അൽപനേരം അവിടെ നിർത്തുക. കാലുകൾ താഴ്‌ത്തി ശ്വാസം വിടുക. നാലോ അഞ്ചോ തവണ പരിശീലിക്കാം.

















Comments