മഡ്രിഡ്; ഫിഫയുടെ വംശീയ വിരുദ്ധ സമിതി തലവനായി റയൽ മഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ. കഴിഞ്ഞ മാസം വലൻസിയയ്‌ക്കെതിരെയുള്ള ലാ ലിഗ മത്സരത്തിൽ താൻ നേരിട്ട വംശീയാധിക്ഷേപത്തിനെതിരെ വിനീഷ്യസ് ശക്തമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് പ്രത്യേക സമിതി രൂപീകരിക്കാൻ തീരുമാനിച്ചത്. കളിക്കിടെ വംശീയാധിക്ഷേപമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികളും വിനീഷ്യസിന്റെ നേതൃത്വത്തിലുള്ള സമിതി നിർദേശിക്കും.
സ്‌പെയിനിൽ സൗഹൃദ ഫുട്‌ബോൾ മത്സരങ്ങൾക്കെത്തിയ ബ്രസീൽ ടീമുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ ചർച്ച നടത്തി. നാളെ ഗിനിയെ നേരിടുന്ന ബ്രസീൽ ചൊവ്വാഴ്ച സെനഗലിനെയും നേരിടും.വംശീയതയ്‌ക്ക് ഫുട്ബോളിൽ സ്ഥാനമില്ലെന്ന് ഫിഫ അദ്ധ്യക്ഷൻ ജിയാനി ഇൻഫാന്റിനോ വ്യക്തമാക്കി. ഇത്തരം സന്ദർഭങ്ങൾ ഇനി കളത്തിലുണ്ടായാൽ മത്സരം ആ നിമിഷം അവസാനിപ്പിക്കാം. ഇതു തടയുന്നതിനായി ശക്തമായ നിയമങ്ങൾ ഫിഫ തയ്യാറാക്കുമെന്നും ഇൻഫാന്റിനോ വ്യക്തമാക്കി.
ഈ സീസണിൽ മാത്രം ഏഴുവട്ടം വംശീയാധിക്ഷേപത്തിന് വിനീഷ്യസ് ഇരയായി. എന്നാൽ, ഒന്നിലും തളരില്ലെന്നും ഈ അനീതിക്കെതിരെ അവസാനശ്വാസംവരെ പോരാടുമെന്നും സമൂഹമാദ്ധ്യമത്തിൽ വിനീഷ്യസ് പ്രഖ്യാപിച്ചിരന്നു. സ്പാനിഷ് ലീഗ് അധികൃതർ കൈയുംകെട്ടി നോക്കിനിൽക്കുകയാണെന്നും സ്പെയ്ൻ വംശീയാധിക്ഷേപത്തിന്റെ പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നതെന്നും സോഷ്യൽ മീഡിയയിൽ അദ്ദേഹം തുറന്നടിച്ചിരുന്നു.
















Comments