തിരുവനന്തപുരം: കേരളത്തിന് വീണ്ടും 1228 കോടിയുടെ വായ്പ അനുവദിച്ച് ലോക ബാങ്ക്. പ്രകൃതി ക്ഷോഭം, പകർച്ചവ്യാധി, കാലാവസ്ഥാ വ്യതിയാനം തുടങ്ങി നിരവധി ദുരിതങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് വായ്പ അനുവദിച്ചിരിക്കുന്നത്. നേരത്തെ അനുവദിച്ച 125 ദശലക്ഷം ഡോളറിന്റെ ധനസഹായത്തിന് പുറമെയാണ് പുതിയ വായ്പ.
ഈ രണ്ടു പദ്ധതിയിലൂടെ വെള്ളപ്പൊക്കത്തിന്റെ കെടുതി നേരിട്ട 50 ലക്ഷത്തോളം പേർക്ക് പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. കേരളത്തിൽ പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും ഉണ്ടാകാൻ സാദ്ധ്യത കൂടുതലാണെന്നും ലോക ബാങ്ക് വിലയിരുത്തി. തീരശോഷണം അടക്കം കാലാവസ്ഥാ വ്യതിയാനം മൂലം സമീപകാലത്ത് കേരളം നേരിട്ട പ്രതിസന്ധികൾക്ക് പരിഹാരം കാണാനാണ് വായ്പ അനുവദിച്ചിരിക്കുന്നത്.
വായ്പാ പണം തീരശോഷണം തടയുന്നതിന് രൂപം നൽകിയിരിക്കുന്ന പദ്ധതികൾക്കായി വിനിയോഗിക്കാം. നിലവിലെയും ഭാവിയിൽ ഉണ്ടാകാനിടയുള്ള തീരശോഷണവും കണക്കാക്കി നയങ്ങൾക്ക് രൂപം നൽകാനും തുക ഉപയോഗിക്കാവുന്നതാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രകൃതി ക്ഷോഭങ്ങളെ നേരിടാൻ കേരളത്തെ പര്യാപ്തമാക്കാനും ഈ വായ്പ ലക്ഷ്യമിടുന്നുണ്ട്.
















Comments