എന്തിനാണ് നാം പഴ്സും ബാഗുമൊക്കെ ഉപയോഗിക്കുന്നത്.. അത്യാവശ്യം വേണ്ട സാധനങ്ങൾ സൂക്ഷിക്കാൻ. എന്നാൽ ഒരു നാണയത്തുട്ട് പോലും വയ്‌ക്കാൻ പറ്റാത്ത അത്രയും ചെറിയ പഴ്സ് നിങ്ങൾ കണ്ടിട്ടുണ്ടോ? കാണാൻ സാധ്യതയില്ല, കാരണം ഈ പഴ്‌സ് കാണണമെങ്കിൽ മൈക്രോസ്‌കോപ്പിന്റെ സഹായം ആവശ്യമാണ്. അതായത് കടുകുമണിയേക്കാൾ ചെറുതാണെന്ന് ചുരുക്കം..
പ്രമുഖ ബ്രാൻഡായ ലൂയി വൂട്ടണിന്‌റെ ലോഗോ സൂചിപ്പിക്കുന്ന വിധത്തിൽ എൽവി എന്നെഴുതിയിരിക്കുന്ന നിയോൺ കളറുള്ള പഴ്‌സാണ് അതിന്റെ വലിപ്പം കൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ ഇടംപിടിക്കുന്നത്. പാരീസ് ഫാഷൻ വീക്കിൽ ഈ ബാഗ് പ്രദർശിപ്പിക്കുമെന്നാണ് വിവരം. ഉപ്പുതരിയെക്കാൾ കുഞ്ഞനായ, സൂചിയുടെ ദ്വാരത്തിലൂടെ കടന്നുപോകാൻ മാത്രം വലിപ്പമുള്ള ഈ ബാഗ് പ്രദർശന വേളയിൽ കാണുന്നതിന് വേണ്ടി ഒപ്പം മൈക്രോസ്‌കോപ്പും സജ്ജമാക്കിയിട്ടുണ്ട്. ഇത്രയും കുഞ്ഞനായ മിനിയേച്ചർ ബാഗ് ഭൂലോകത്ത് മറ്റെവിടെയും കാണാൻ സാധിക്കില്ലെന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്.
നിലവിൽ ലേലത്തിന് ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ് ഈ ബാഗ്. ഡിജിറ്റൽ ഡിസ്‌പ്ലേയുള്ള മൈക്രോസ്‌കോപ്പിന് താഴെ സീൽ ചെയ്ത ഒരു ജെൽ കെയ്‌സിലാണ് ബാഗ് വിൽക്കുക. ജൂൺ 19നാണ് ലേലം. വിചിത്ര വസ്തുക്കൾ നിർമ്മിച്ച് ലേലം ചെയ്യുന്നതിലൂടെ ലോകപ്രശസ്തമായ എംഎസ്‌സിഎച്ച്എഫ് (അമേരിക്കൽ കലാകാരൻമാരുടെ കൂട്ടായ്മ- MSCHF ) ആണ് ബാഗ് വിൽക്കുന്നത്.
Comments