വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും അധ്വാനത്തിനുമൊടുവിൽ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ നടനാണ് ജോജു ജോർജ്. ആൾക്കൂട്ടത്തിലും നായകന്റെ നിഴലായും വില്ലന്റെ കയ്യാളായുമൊക്കെ ജോജു നിരവധി സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ട്. വർഷങ്ങൾ കാത്തിരുന്നതിന് ശേഷം ജോസഫ്, ചോല, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ജോജു നായകനിരയിലേക്ക് ഉയർന്നു വന്നു. ജോജു നായകനായി അവസാനം തിയേറ്ററിലെത്തിയ ചിത്രം ഇരട്ട ആയിരുന്നു.
ജോഷിയും ജോജു ജോര്‍ജും വീണ്ടും ഒന്നിക്കുന്ന ‘ആന്റണി’യാണ് താരത്തിന്റെ അടുത്ത സിനിമ. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ജോജുവിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ശരീരഭാരം കുറച്ച് കൂടുതൽ സ്മാർട്ടായ ലുക്കിലാണ് ചിത്രത്തിൽ ജോജു. സമൂഹമാദ്ധ്യമത്തിൽ ഇതിനോടകം തന്നെ താരത്തിന്റെ പുതിയ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ്.
‘പൊറിഞ്ചു മറിയം ജോസി’ന് ശേഷം ജോഷി ജോജുവിനെ നായകനാക്കി ഒരുക്കുന്ന ആന്റണിയുടെ 75% ഷൂട്ടിംഗ് പൂർത്തിയായി. അടുത്ത ഷെഡ്യൂൾ തമിഴ്നാട്ടിൽ ആരംഭിക്കും. ജോജുവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ്. പൊറിഞ്ചു മറിയം ജോസിലെ താരങ്ങളായ നൈല ഉഷ,ചെമ്പൻ വിനോദ് ജോസ്,വിജയരാഘവൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഒപ്പം ആശാ ശരത്ത്, കല്യാണി പ്രിയദർശൻ എന്നിവരും ചിത്രത്തിൽ കൈകോർക്കുന്നുണ്ട്.
ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. രചന – രാജേഷ് വർമ്മ, ഛായാഗ്രഹണം – രണദിവെ, എഡിറ്റിംഗ് – ശ്യാം ശശിധരന്‍, സംഗീത സംവിധാനം -ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, കലാസംവിധാനം – ദിലീപ് നാഥ്, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, വിതരണം – അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ് എന്നിവർ നിർവഹിക്കുന്നു.
Comments