ജാതിഭ്രാന്തിനെതിരെ അഹോരാത്രം പോരാടിയ സാമൂഹിക പരിഷ്‌കർത്താവ് അയ്യങ്കാളിയുടെ 82-ാം ചരമ വാർഷിക ദിനമാണ് ഇന്ന്. അടിച്ചമർത്തപ്പെട്ടവരുടെയും നീതി നിഷേധിക്കപ്പെട്ടവരുടെയും ശബ്ദമായിരുന്ന പോരാളി.
1863 ഓഗസ്റ്റ് 28-ന് തിരുവനന്തപുരത്ത് വെങ്ങാനൂരിൽ പെരുങ്കാട്ടു വിളവീട്ടിൽ അയ്യന്റെയും മാലയുടെയും മകനായി അയ്യങ്കാളി ജനിച്ചു. മനുഷ്യൻ എന്ന പരിഗണന പോലും ലഭിക്കാതിരുന്ന ഒരു സമൂഹത്തിലായിരുന്നു അയ്യങ്കാളിയുടെ ബാല്യകാലം. ചുറ്റും നടമാടിയ ഉച്ചനീചത്വത്തിനും സാമൂഹിക ബഹിഷ്‌കരണത്തിനുമെതിരെ പോരാടാൻ അദ്ദേഹം തീരുമാനിച്ചു. തന്റെ 28-ാം വയസ്സിലാണ് ഉയർന്ന ജാതിയിൽപ്പെട്ടവർക്ക് മാത്രം സഞ്ചരിക്കാൻ അവകാശമുണ്ടായിരുന്ന വഴിയിലൂടെ വില്ലുവണ്ടിയിൽ സഞ്ചരിച്ച് ജാതിമേധാവിത്വത്തെ വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയത്. സഞ്ചാരസ്വാതന്ത്ര്യം, വിദ്യാഭ്യാസത്തിനുള്ള അവകാശം, തൊഴിലിന് ന്യായമായ കൂലി എന്നിവ നേടിയെടുക്കാൻ കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചു. തൊഴിലാളികൾ അയ്യങ്കാളിയുടെ നേതൃത്വത്തിൽ സമരം ചെയ്തു.
അസമത്വങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശബ്ദമുയർത്തിയ മഹാത്മാവ്. 1907-ലാണ് അവശതയനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങൾക്കും വേണ്ടി അദ്ദേഹം സാധുജനപരിപാലന സംഘം രൂപീകരിച്ചത്. സമൂഹത്തിൽ നിന്ന് അവഗണിച്ച് മാറ്റി നിർത്തപ്പെട്ടിരുന്ന ജനങ്ങളുടെ ഉന്നമനത്തിനായി അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചു. അവർണർക്ക് അരയ്‌ക്ക് മേലോട്ട് വസ്ത്രം ധരിക്കാൻ അവകാശമില്ലാതിരുന്ന കാലത്ത് മുണ്ടും ബനിയനും തലക്കെട്ടും ധരിച്ചുള്ള അയ്യങ്കാളിയുടെ യാത്ര ചരിത്രത്തിലേക്കുള്ള പുതിയ തുടക്കത്തിന്റെ യാത്രയായിരുന്നു. പാവപ്പെട്ട കുട്ടികളെ സർക്കാർ സ്‌കൂളുകളിൽ പ്രവേശിപ്പിക്കാനായിരുന്നു അയ്യങ്കാളിയുടെ അടുത്ത പോരാട്ടം. ഒരു വർഷത്തോളം നീണ്ട പ്രക്ഷോഭത്തിന്റെ ഫലമായി 1910-ൽ എല്ലാവർക്കും വിദ്യാഭ്യാസത്തിന് അനുമതി ലഭിച്ചു.
നെടുമങ്ങാടും കഴക്കൂട്ടത്തും ബാലരാമപുരത്തുമൊക്കെ ചന്തകളിൽ കയറാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്ന അവർണർക്ക് വേണ്ടി അയ്യങ്കാളിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടത്തിയപ്പോൾ എതിർഭാഗത്ത് മുസ്ലീം സമൂഹമായിരുന്നു. എന്നാൽ അവിടെയും അയ്യങ്കാളിയുടെ നിശ്ചയദാർഢ്യം അദ്ദേഹത്തെ വിജയിപ്പിച്ചു. വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി അയ്യങ്കാളി നടത്തിയ ഊരൂട്ടമ്പലം പ്രക്ഷോഭം കേരള നവോത്ഥാന ചരിത്രത്തിലെ നാഴികകല്ലായിരുന്നു.
ആലപ്പുഴ ജില്ലയിലെ ചേർത്തലയിലും മുഹമ്മയിലും പാറായിത്തരകന്റെ നേതൃത്വത്തിൽ നടന്ന മതപരിവർത്തന ശ്രമങ്ങളെ അയ്യങ്കാളി എതിർത്തു. അയ്യങ്കാളിയുടെ സന്തത സഹചാരിയായ വിശാഖം തേവനുമായി പരസ്യ സംവാദം നടത്തുകയും തുടർന്ന് മതപരിവർത്തന വാദം വിശാഖം തേവന് മുന്നിൽ പൊളിയുകയും ചെയ്തു. അതോടെ മതം മാറാനെത്തിയ അധസ്ഥിത ജനത അതിൽ നിന്ന് പിന്തിരിഞ്ഞു.
1941 ജൂൺ 18-നാണ് 77-ാം വയസ്സിൽ അയ്യങ്കാളി അന്തരിച്ചു. അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിന്റെ മോചനത്തിനായി അദ്ദേഹം പ്രവർത്തിച്ചു. മനുഷ്യാവകാശങ്ങൾക്ക് വേണ്ടി ധീരതയോടെ പോരാടിയ പരിഷ്‌കർത്താവ് എന്ന നിലയിൽ കേരള ചരിത്രത്തിൽ അടയാളപ്പെടുത്തിയ പേരാണ് അയ്യങ്കാളിയുടേത്. അവർണ സ്ത്രീകളുടെ കഴുത്തിലണിയുന്ന കല്ലുമാലകൾ ഉപേക്ഷിക്കാൻ അയ്യങ്കാളി അവരോട് ആഹ്വാനം ചെയ്തു. തുടർന്ന് 1914-ൽ സംഘടിപ്പിച്ച ശക്തമായ കല്ലുമാല സമരം കേരള ചരിത്രത്തിലെ സുപ്രധാന അദ്ധ്യായമായി മാറി. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പ്രയത്‌നിച്ച നവോത്ഥാന നായകനായിരുന്നു അദ്ദേഹം. അയ്യങ്കാളിയുടെ ജീവിതം കേരളത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ തന്നെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിൽ ജ്വലിക്കുന്ന ഏടാണ്.
Comments