ഷിംല: ഹിമാചൽ പ്രദേശിൽ സ്ഥിതിചെയ്യുന്ന നൂറ് വർഷത്തിലധികം പഴക്കമുള്ള ജൈന ക്ഷേത്രത്തിലേക്ക് അൽപവസ്ത്രധാരികൾക്ക് വിലക്ക്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ഡ്രസ് കോഡ് സംബന്ധിച്ച് ഭാരവാഹികൾ പുറത്തിറക്കിയിരിക്കുന്ന പുതിയ നോട്ടീസിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശ്രീ ദിംഗബർ ജൈൻ സഭയ്‌ക്കാണ് ക്ഷേത്രം നടത്തിപ്പിന്റെ ചുമതല.
” മാന്യമായ വസ്ത്രം ധരിച്ചായിരിക്കണം എല്ലാവരും ക്ഷേത്രത്തിലേക്ക് പ്രവേശിക്കേണ്ടത്. ചെറിയ വസ്ത്രങ്ങൾ, ഹാഫ് പാന്റുകൾ, ബെർമൂഡ, മിനി സ്‌കേർട്ട്, നൈറ്റ് സ്യൂട്ട്, കീറിയ ജീൻസ്, ഇറക്കമില്ലാത്ത ജീൻസ് എന്നിവ ധരിച്ച് പ്രവേശിക്കുന്നത് അനുവദനീയമല്ല. ” എന്നെഴുതിയ നോട്ടീസ് ക്ഷേത്രത്തിന് പുറത്തുള്ള ചുമരിലാണ് പതിച്ചിരിക്കുന്നത്.
പാശ്ചാത്യശീലങ്ങളുടെയും ഇതരരാജ്യങ്ങളിലെ സംസ്‌കാരങ്ങളുടെയും കടന്നുകയറ്റം മൂലം ഇവിടുത്തെ മതമൂല്യങ്ങൾക്ക് ജനങ്ങൾ പ്രാധാന്യം നൽകാൻ മടിക്കുന്നതിനാലാണ് നോട്ടീസ് പതിക്കേണ്ടി വന്നതെന്ന് ക്ഷേത്രം പുരോഹിതനായ പണ്ഡിറ്റ് സഞ്ജയ് കുമാർ ജെയിൻ പ്രതികരിച്ചു. നൂറ് വർഷത്തിലേറെ പഴക്കമുള്ള ക്ഷേത്രമാണിത്. അൽപവസ്ത്രങ്ങൾ ധരിച്ച് ക്ഷേത്ര ദർശനത്തിനെത്തുന്നവർ ആരാധനാലയവുമായി ബന്ധപ്പെട്ട ആചാരങ്ങളെയും പാരമ്പര്യങ്ങളെയും ലംഘിക്കുന്നുവെന്ന് ക്ഷേത്രത്തിലെത്തിയ ഭക്തരും ചൂണ്ടിക്കാട്ടി.
















Comments