ജൂൺ 21-ന് അന്താരാഷ്‌ട്ര യോഗ ദിനം പ്രമാണിച്ച് ആർട്ടിക്, അന്റാർട്ടിക്ക് മേഖലകളിലെ ഇന്ത്യയുടെ ഗവേഷണ കേന്ദ്രങ്ങളിൽ യോഗ സെഷനുകൾ നടക്കും. ഇന്ത്യൻ ആർട്ടിക് സ്റ്റേഷനായ ഹിമാദ്രിയിലും അന്റാർട്ടിക്ക് സ്റ്റേഷനായ ഭാരതിയിലും, പ്രൈം മെറിഡിയൻ ലൈനിന് സമീപമുള്ള രാജ്യങ്ങൾക്കൊപ്പം യോഗ പ്രദർശനങ്ങൾ നടത്തപ്പെടുമെന്ന് ആയുഷ് മന്ത്രാലയം പറഞ്ഞു. ഭൂമിക്ക് ചുറ്റുമുള്ള കിഴക്കോട്ടും പടിഞ്ഞാറോട്ടും ദൂരം അളക്കുന്നതിനുള്ള ആരംഭ പോയിന്റായ 0 ഡിഗ്രി രേഖാംശരേഖയാണ് പ്രൈം മെറിഡിയൻ.
ഓഷ്യൻ റിംഗ് ഓഫ് യോഗയ്‌ക്ക് കീഴിൽ യുഎസ്എ, റഷ്യ, പോർച്ചുഗൽ, മൊറോക്കോ എന്നിവയുൾപ്പെടെ 34 രാജ്യങ്ങളിലെ ഇന്ത്യൻ നാവിക താവളങ്ങളിലും തുറമുഖങ്ങളിലും മറൈൻ വെസലുകളിലും യോഗ അവതരിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ ലോകമെമ്പാടുമുള്ള ഒമ്പത് തുറമുഖങ്ങളിൽ നിലയുറപ്പിക്കുകയും ഒരു പൊതു യോഗ പ്രോട്ടോക്കോൾ പ്രദർശനത്തിൽ പങ്കെടുക്കുകയും ചെയ്യും. തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയവും അവർ ധാരണാപത്രങ്ങളിൽ ഒപ്പുവച്ച രാജ്യങ്ങളിലും പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ജൂൺ 21-ന് ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അന്താരാഷ്‌ട്ര യോഗ ദിനാചരണം നടക്കും. ദേശീയ ആഘോഷം മധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ നയിക്കും. കരസേന, നാവികസേന, വ്യോമസേന എന്നിവയ്‌ക്കൊപ്പം ഐടിബിപി, ബിഎസ്എഫ്, ബിആർഒ എന്നിവർ സംയുക്തമായി യോഗാ പ്രദർശന ശൃംഖല നടത്തും. ഇന്ത്യൻ തീരദേശത്ത് യോഗ സാഗർമാല യോഗയ്‌ക്ക് സാക്ഷ്യം വഹിക്കും. ഐഎൻഎസ് വിക്രാന്ത് ഫ്ളൈറ്റ് ഡെക്കിൽ യോഗാ പ്രദർശനം നടക്കും.
















Comments