ന്യൂഡൽഹി: ലുധിയാനയിലെ പണമിടപാട് സ്ഥാപനത്തിൽ നിന്നും കോടിക്കണക്കിന് രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞ ദമ്പതികൾ ഒടുവിൽ പിടിയിൽ. ഉത്തരാഖണ്ഡിലെ ഹേമകുണ്ഡ് സാഹിബിന് സമീപത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്. ജസ്‌വീർ സിംഗും ഭാര്യ മൻദീപ് കൗറുമാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ജൂൺ 10ന് ധനകാര്യ സ്ഥാപനത്തിൽ നിന്നും എട്ട് കോടി രൂപയായിരുന്നു ദമ്പതികൾ കവർന്നത്. ആയുധങ്ങളുമായെത്തിയ സംഘം സുരക്ഷാജീവനക്കാരെ കീഴടക്കി പണം കൊള്ളയടിച്ച് കടന്നുകളയുകയായിരുന്നു. ഇതിന് ശേഷം പണവുമായി നേപ്പാളിലേക്ക് കടക്കാനായിരുന്നു ദമ്പതികളുടെ ഉദ്ദേശ്യം. മുന്നോടിയായി സിഖ് ആരാധനാലയമായ ഹേമകുണ്ഡ് സാഹിബിലേക്ക് ദമ്പതികൾ തീർത്ഥാടനം നടത്തിയിരുന്നു. ഇതിനിടെ ഇരുവരും ജ്യൂസ് കുടിക്കാൻ ശ്രമിച്ചതോടെയാണ് പോലീസിന്റെ പിടിയിലായത്.
ഹേമകുണ്ഡിൽ മോഷ്ടാക്കൾ കറങ്ങുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇവരെ കണ്ടെത്തുന്നതിനായി സൗജന്യ മാംഗോ ജ്യൂസ് വിതരണം പോലീസ് നടത്തി. പ്രതികളെ പിടികൂടാൻ പോലീസ് വിരിച്ച കെണിയിൽ കുടുങ്ങുകയായിരുന്നു ദമ്പതികൾ. ജ്യൂസ് കുടിക്കാനായി മാസ്‌ക് മാറ്റിയതോടെ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. തുടർന്ന് ഇരുവരെയും പിടികൂടിയ പോലീസ് ദമ്പതികളുടെ പക്കൽ നിന്നും 21 ലക്ഷം രൂപ കണ്ടെടുത്തു. ഇതുകൂടാതെ തുടർന്ന് നടത്തിയ പരിശോധനയിൽ കവർച്ച ചെയ്ത 6 കോടി രൂപയും പോലീസിന് ലഭിച്ചു. മോഷണക്കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ലുധിയാന പോലീസ് അറിയിച്ചു.
Comments