ഏഷ്യൻ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രം നേട്ടം കുറിച്ച് ഭവാനി ദേവി. ചൈനയിലെ വുക്‌സിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയാണ് ഭവാനി ദേവിയുടെ അഭിമാന നേട്ടം.ക്വാർട്ടർ ഫൈനലിൽ ലോക ഒന്നാം നമ്പർ താരത്തെ തോൽപ്പിച്ചാണ് ഇന്ത്യയ്‌ക്കായി ഭവാനി ദേവി മെഡൽ ഉറപ്പിച്ചത്. എന്നാൽ സെമിഫൈനലിൽ തോറ്റതോടെ മെഡൽ നേട്ടം വെങ്കലത്തിൽ ഒതുങ്ങി. വനിതകളുടെ സാബ്രെ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ മിസാകി എമുറയെ 15-10 എന്ന സ്‌കോറിനാണ് ഭവാനി ദേവി തോൽപ്പിച്ചത്. മിസാകിക്കെതിരെ കരിയറിലെ ആദ്യ ജയമാണ് ഭവാനിക്ക് ഇത്.
ഉസ്ബെക് താരത്തിനായിരുന്നു സെമിയിൽ ജയം. ‘ഏഷ്യൻസിൽ രാജ്യത്തിനായി മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയാകുന്നത് മഹത്തായ നിമിഷമായിരുന്നു. മിസാക്കിയെ തോൽപ്പിക്കുന്നത് വളരെ വലിയ കാര്യമാണ്, കാരണം അവൾ ഏറെ മികച്ചതും സ്ഥിരതയുള്ളതുമായ ഫെൻസറാണ്. കഴിഞ്ഞ ഏഷ്യൻ മത്സരങ്ങളിൽ മിസാക്കിയോട് 16-ാം റൗണ്ടിൽ ഞാൻ തോറ്റിരുന്നു. എനിക്ക് ഒരു പ്ലാൻ ഉണ്ടായിരുന്നു, അത് കൃത്യമായി നടപ്പാക്കാനായി,” -ഭവാനി സ്പോർട്സ്റ്റാറിനോട് പറഞ്ഞു.
ഭവാനിയുടെ ചരിത്ര നേട്ടത്തെ ഫെൻസിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ രാജീവ് മേത്ത അഭിനന്ദിച്ചു.’ഇന്ത്യൻ ഫെൻസിംഗിന് ഇത് വളരെ അഭിമാനകരമായ ദിവസമാണ്. മുമ്പ് ആർക്കും കഴിയാത്ത നേട്ടമാണ് ഭവാനി ദേവി സ്വന്തമാക്കിയിരിക്കുന്നത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ഫെൻസറാണ് ഭവാനി. രാജ്യത്തെ മുഴുവൻ ഫെൻസിംഗ് ഫ്രറ്റേണിറ്റിയുടെ പേരിലും ഞാൻ അവളെ അഭിനന്ദിക്കുന്നു’- രാജീവ് മേത്ത വാർത്ത ഏജൻസിയോട് പറഞ്ഞു.
ഏഷ്യൻ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിലെ ഭവാനി ദേവിയുടെ നേട്ടത്തിൽ കേരളത്തിനും അഭിമാനിക്കാനുള്ള വകയുണ്ട്. സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ തലശ്ശേരി കേന്ദ്രത്തിലാണ് ഭവാനി ദേവി പയറ്റിത്തെളിഞ്ഞത്. ചെന്നൈ സ്വദേശിയായ സി. ആനന്ദസുന്ദര രാമന്റെയും രമണിയുടെയും മകളാണ് ഭവാനി ദേവി.
















Comments