തത്തയെ വളർത്താൻ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഓമനിച്ച് വളർത്താൻ തത്തയെ വാങ്ങുന്നവർ സൂക്ഷിക്കേണ്ടതാണ്. കാരണം മറ്റൊന്നുമല്ല, വിൽക്കപ്പെടുന്ന തത്തകളിൽ അധികവും ഇന്ത്യൻ വന്യജീവി നിയമത്തിന്റെ പരിധിയിൽ വരുന്നവയാണ്. ഇവയെ വാങ്ങാനോ വിൽക്കാനോ പാടില്ലെന്നാണ് നിയമം.
പ്ലംഹെഡ് പാരക്കീറ്റ്, അലക്‌സാൻഡ്രിൻ പാരക്കീറ്റ്, റിംഗ് നെക്ക് പാരക്കീറ്റ് മുതലായ ഇനങ്ങളാണ് ഇന്ത്യൻ വന്യജീവി നിയമത്തിന്റെ പരിധിയിൽ വരുന്നത്. ഇത്തരം തത്തകളെ പിടിക്കാനോ വളർത്താനോ പാടില്ല. പിടിക്കപ്പെടാതിരിക്കാനായി കൊന്നാലും പിടിവീഴും.അന്യ സംസ്ഥാനങ്ങളിൽ നിന്നാണ് ഇവയെ എത്തിക്കുന്നത്. പരുന്ത് വർഗങ്ങൾ, ജലാശയങ്ങളെ ആശ്രയിക്കുന്ന വെൺപകം, കരണ്ടിക്കൊക്ക് എന്നീ പക്ഷികളും മലമുഴക്കി വേഴാമ്പൽ, ചിലതരം കാടകൾ എന്നിവയും 1972-ലെ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിന് കീഴിൽ വരുന്നവയാണ്. അടുത്തിടെ കാക്കയെയും പട്ടികയിൽ ഉൾപ്പെടുത്തി വിജ്ഞാപനമിറക്കിയിരുന്നു.
വന്യജീവി സംരക്ഷണ നിയമത്തിലെ ഒൻപതാം വകുപ്പ് അനുസരിച്ച് ഇവയിൽ ഒന്നിനെയും വേട്ടയാടാനോ കാടുകളിൽ പാർപ്പിക്കാനോ പാടില്ല. പിടിക്കപ്പെട്ട് കുറ്റം തെളിഞ്ഞാൽ കുറ്റത്തിന്റെ തീവ്രതയനുസരിച്ച് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവും 10,000 മുതൽ 50,000 രൂപ വരെ പിഴയും ലഭിക്കുന്നതാണ്. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ പിടികൂടി വിപണിയിൽ എത്തിക്കുന്നതാണ് പതിവ്. തള്ളപക്ഷി നൽകുന്ന ഭക്ഷണം കഴിച്ച് വളരേണ്ട പ്രായത്തിലാണ് പക്ഷിപ്രേമികളുടെ കരങ്ങളിലെത്തുന്നത്. ഇത്തരത്തിൽ മൃഗസ്‌നേഹികളുടെ അടുത്തെത്തുന്നത് തത്തകളിൽ കാര്യമായ ആരോഗ്യപ്രശ്‌നത്തിന് കാരണമാകും.200 രൂപ മുതൽ വിലയിട്ടാണ് വിൽപ്പന.
















Comments