പ്രായഭേദമന്യേ എല്ലാവർക്കും അഭ്യസിക്കാവുന്ന ഒന്നാണ് യോഗ. ‘വസുധൈവ കുടുംബത്തിന് യോഗ’ എന്നതാണ് 2023-ലെ യോഗദിന സന്ദേശം. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി 2015 മുതൽ എല്ലാ വർഷവും ജൂൺ 21-ന് അന്താരാഷ്‌ട്ര യോഗ ദിനം വിപുലമായി ആഘോഷിക്കുന്നു. ശരീരം, മനസ്സ്, ആത്മാവ് എന്നിവ സന്തുലിതാവസ്ഥയിൽ കൊണ്ടുവരുന്നതിനാണ് ഈ ദിവസം ആചരിക്കുന്നത്.
എട്ട് വിഭാഗങ്ങളാണ് യോഗയ്‌ക്കുള്ളത്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് അവ. ഇതിൽ ആദ്യത്തെ നാലെണ്ണം ശരീരവും മനസും പുഷ്ടിപ്പെടുത്തുന്നതിനാണ്. ഹഠയോഗം എന്നാണ് ഇതറിയപ്പെടുന്നത്. രണ്ടാമത്തെ നാലെണ്ണം രാജയോഗമെന്ന് വിശേഷിപ്പിക്കുന്നു. ഇത് ആധ്യാത്മിക ഉന്നതി പ്രാപിക്കുന്നതിന് സഹായിക്കുന്നു. യോഗ ചെയ്യുന്നവർ ചില നിയമങ്ങൾ പാലിക്കേണ്ടതാണ്.
* വൃത്തിയുള്ളതും വിശാലവും വായുസഞ്ചാരമുള്ളതുമായ സ്ഥലത്തായിരിക്കണം യോഗ ചെയ്യേണ്ടത്.
* കിഴക്കുദിക്കിന് അഭിമുഖമായി യോഗ ചെയ്യുന്നതാണ് ഉത്തമം.
* പ്രഭാതകർമങ്ങളെല്ലാം കഴിഞ്ഞ് കുളിച്ച് ശരീരശുദ്ധി വരുത്തി ഒഴിഞ്ഞ വയറോടുകൂടിയായിരിക്കണം യോഗ ആരംഭിക്കുവാൻ.
* രാവിലെ നാല് മണി മുതൽ ഏഴുമണി വരെയുള്ള സമയമായിരിക്കും യോഗ അഭ്യസിക്കാൻ ഉത്തമം. ഇതിന് കഴിയാത്തവർക്ക് വൈകിട്ട് നാലര മുതൽ ഏഴുമണി വരെയും ചെയ്യാം. സ്ത്രീകൾ ആർത്തവ കാലഘട്ടങ്ങളിൽ സൂക്ഷ്മ വ്യായാമങ്ങളും പ്രാണായാമങ്ങളും വേണമെങ്കിൽ ചെയ്യാം.
* പുരുഷന്മാർ അടിയിൽ മുറുകിയ വസ്ത്രവും സ്ത്രീകൾ അയഞ്ഞ വസ്ത്രവും ധരിക്കുന്നതാണ് ഉത്തമം.
* യോഗ ചെയ്യുന്ന അവസരത്തിൽ എയർകണ്ടീഷനോ ഫാനോ ഉപയോഗിക്കുന്നതു ശരിയല്ല.* യോഗ ചെയ്യുമ്പോൾ കിതപ്പ് തോന്നിയാൽ വിശ്രമത്തിന് ശേഷമേ അടുത്ത യോഗയിലേക്ക് കടക്കാവൂ.
* കഠിനമായ മാനസിക സംഘർഷങ്ങൾ ഉള്ളപ്പോഴും രോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിലും യോഗ ചെയ്യരുത്.
* യോഗ ബലംപിടിച്ചോ വളരെയധികം കഷ്ടപ്പെട്ടോ യോഗ ചെയ്യരുത്. സംസാരിച്ചുകൊണ്ടോ മറ്റ് കർമങ്ങളിലേർപ്പെട്ട് കൊണ്ടോ യോഗ അഭ്യസിക്കാൻ പാടില്ല.
* വയറു നിറഞ്ഞിരിക്കുമ്പോൾ യോഗ ചെയ്യാൻ പാടില്ല. ഭക്ഷണം കഴിച്ചതിനുശേഷം നാലുമണിക്കൂർ കഴിഞ്ഞേ യോഗ ചെയ്യാവൂ. അതേ പോലെ യോഗ കഴിഞ്ഞ് അരമണിക്കൂറിന് ശേഷമേ ഭക്ഷണം കഴിക്കാവൂ.
* യോഗാഭ്യാസി മദ്യപാനം, പുകവലി, മുറുക്ക് മുതലായവ ഒഴിവാക്കുന്നത് ഉത്തമമായിരിക്കും.
* ഗർഭിണികൾ മൂന്ന് മാസം കഴിഞ്ഞാൽ കമഴ്ന്ന് കിടന്നുള്ള ആസനങ്ങളും കുംഭകത്തോടുകൂടിയുള്ള പ്രാണായാമങ്ങളും ചെയ്യാൻ പാടില്ല.
















Comments