യോഗ ശീലിച്ചത് വഴി തനിക്ക് നിരവധി ആരോഗ്യ-മാനസിക ഗുണങ്ങൾ ഉണ്ടായെന്ന് നടി സംയുക്ത വർമ്മ . ശ്വാസംമുട്ടൽ, പോളിസിസ്റ്റിക് ഓവറി, ഹോർമോൺ ഇംബാലൻസ് ഇതൊക്കെയുണ്ടായിരുന്നു. അതിൽനിന്നൊക്ക ഒരു മാറ്റത്തിനാണ് യോഗ തുടങ്ങിയതെന്നും സംയുക്ത വർമ്മ പറഞ്ഞു .
യോഗ തുടങ്ങിയതോടെ രോഗങ്ങൾ പതുക്കെ ഇല്ലാതായി, യോഗമാത്രം ശേഷിച്ചു, അതെന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടായി . യോഗക്രിയകൾപോലെ യോഗ തത്ത്വചിന്തയും സ്വാധീനിച്ചിട്ടുണ്ട്. മുന്നേപോയ ജ്ഞാനികൾ പറഞ്ഞതാണ് തത്ത്വചിന്തയായി നമ്മൾ അറിയുന്നത്. എന്നാലും ഞാൻ അനുഭവിക്കുന്നതാണ് എന്റെ തത്ത്വചിന്ത. അതാവണമെന്നില്ല എല്ലാവരുടെയും തത്ത്വചിന്ത.
യോഗയെ ഒരു മതത്തിന്റേതായി കാണുന്നവരുണ്ട്. അത് സങ്കടകരമാണ്. യോഗ ഒരു ശാസ്ത്രമാണ്. നൂറ്റാണ്ടുകൾക്കുമുമ്പുള്ള ഒരു ശാസ്ത്രം. മനുഷ്യന് സുഖമായി ജീവിക്കാൻ, ശാരീരികവും മാനസികവും വൈകാരികവും ചിന്താപരവുമായി സുഖമായി ജീവിക്കാൻ കണ്ടുപിടിച്ച ശാസ്ത്രമാണത്. അതിനെന്ത് മതം? ചിലർ യോഗയെ വ്യായാമം മാത്രമായി കാണുന്നു. അതിൽ തെറ്റില്ല. പക്ഷേ, യോഗ ശരിയായി പഠിച്ചവർക്ക് അതിനെ ഒരു വ്യായാമം മാത്രമായി കാണാനാവില്ല. അത് ശരീരത്തിനുമപ്പുറമുള്ള ആത്മീയവഴിയാണ്.
കൊറോണയും അനുബന്ധമായി ചുമയും വന്നതു കൊണ്ട് 6 മാസത്തോളം യോഗ ചെയ്യാനായില്ല. അപ്പോഴും മനസ്സുകൊണ്ടു യോഗ ചെയ്യാൻ കഴിഞ്ഞു. അതു യോഗയിലെ വലിയ സാഫല്യം തോന്നിയ അനുഭവമാണെന്നും സംയുക്ത വർമ്മ പറഞ്ഞു .
















Comments