111 വർഷത്തിലധികമായി നിഗൂഢതകളേറി സമുദ്രത്തിനടിയിലുറങ്ങുന്ന കപ്പൽ; മുങ്ങിയത് ടൈറ്റാനിക്കോ അപര ഒളിമ്പികോ? സത്യാവസ്ഥയിത്…

Published by
Janam Web Desk

ടൊറന്റോ: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി പുറപ്പെട്ട അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനിക്കായി ശക്തമായ തിരച്ചിൽ തുടരുകയാണ്. ടൈറ്റന്റെ ഉള്ളിലുള്ള അഞ്ച് പേരയെും എത്രയും വേഗം ജീവനോടെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് രക്ഷാദൗത്യത്തിൽ ഏർപ്പെട്ടവർ. നിർമ്മിക്കപ്പെട്ട നാൾ മുതൽ വളരെയധികം ചർച്ചാ വിഷയമായ ആഡംബര കപ്പലാണ് ടൈറ്റാനിക്. കപ്പൽ തകർന്ന് 111 വർഷം പിന്നിട്ടിട്ടും ടൈറ്റാനിക് ഇന്നും നിഗൂഢതകളേറി സമൂദ്രത്തിന്റെ അടിത്തട്ടിലുണ്ട്.

ഒരു പ്രേതക്കപ്പൽ പോലെ കടലിൽ 12,500 അടിയിലേറെ ആഴത്തിലുറങ്ങുന്ന ടൈറ്റാനിക് തകർന്നത് മഞ്ഞുമലയിൽ ഇടിച്ചായിരുന്നു. ബ്രിട്ടീഷ് ഷിപ്പിംഗ് കമ്പനിയായ വൈറ്റ് സ്റ്റാർ ലൈൻ തങ്ങളുടെ അഭിമാന ചിഹ്നമെന്ന നിലയിൽ അവതരിപ്പിച്ച ആർഎംഎസ് ടൈറ്റാനിക് എന്ന ആഡംബര കപ്പൽ 1912 ഏപ്രിൽ 10-നായിരുന്നു കന്നിയാത്ര പുറപ്പെട്ടത്. ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നിന്ന് അമേരിക്കയിലെ ന്യൂയോർക്കിലേക്ക് 2,224 യാത്രക്കാരുമായി കന്നിയാത്ര പുറപ്പെടുന്നത്.

അന്ന് നിർമ്മിക്കപ്പെട്ടവയിൽ വെച്ച് ഏറ്റവും വലിയ കപ്പലായിരുന്നു ടൈറ്റാനിക്. എന്നാൽ നിർഭാഗ്യവശാൽ ആദ്യ യാത്രയിൽ തന്നെ ടൈറ്റാനിക് മഞ്ഞുമലയിൽ ഇടിച്ച് അറ്റ്‌ലാന്റിക് സമുദ്രത്തിൽ മുങ്ങി. 1912 ഏപ്രിൽ 15-നായിരുന്നു സംഭവം. 1500-ൽ അധികം ആളുകൾക്ക് അന്ന് ജീവൻ നഷ്ടമായി. ഏപ്രിൽ 14-ന് രാത്രി 11.40-നായിരുന്നു ടൈറ്റാനിക് കൂറ്റൻ മഞ്ഞുമലയിൽ ഇടിച്ചത്. അപകടം നടന്ന് രണ്ട് മണിക്കൂർ നാൽപ്പത് മിനിറ്റിനു ശേഷം ഏപ്രിൽ 15-ന് ടൈറ്റാനിക് പൂർണമായും സമുദ്രത്തിൽ മുങ്ങിത്താഴ്ന്നു.

സമുദ്ര ഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്. എന്നാൽ ടൈറ്റാനിക് തകർന്നിട്ടില്ലെന്ന് വിശ്വസിക്കുന്നവരുമുണ്ട്. അറ്റ്‌ലാൻഡിക് സമുദ്രത്തിലെ മഞ്ഞുമലയിൽ ഇടിച്ചത് ടൈറ്റാനിക് അല്ലെന്നും ഇതുമായി സാദൃശ്യമുള്ള വെറ്റ് സ്റ്റാർ ലൈനിന്റെ തന്നെ ആർഎംഎസ് ഒളിമ്പിക് ആണെന്നുമായിരുന്നു അന്ന് പ്രചാരത്തിലുണ്ടായിരുന്ന വിചിത്ര വാദം. 1911-ൽ ഒളിമ്പിക് മറ്റൊരു കപ്പലുമായി കൂട്ടിയിടിച്ചിരുന്നു. ഒളിമ്പികിനെ നന്നാക്കുന്നതിനുള്ള ഭീമമായ തുക അന്ന് വെസ്റ്റ് സ്റ്റാർ ലൈൻ കമ്പനിയുടെ കൈവശം ഉണ്ടായിരുന്നില്ല. ഇതോടെ ഇൻഷുറൻസ് തട്ടിപ്പിന് വേണ്ടി ടൈറ്റാനിക്കിന് പകരം ഒളിമ്പിക്കിനെ ആയിരുന്നത്രെ ഉപയോഗിച്ചിരുന്നത് എന്ന വിമർശനവും ഉയരുന്നുണ്ട്. എന്നാൽ തകർന്നത് ടൈറ്റാനിക് തന്നെയായിരുന്നു എന്നാണ് അവശിഷ്ടങ്ങളിൽ നിന്നും വിദഗ്ധർ വ്യക്തമാക്കിയത്.

Share
Leave a Comment