ടൊറന്റോ: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായുള്ള യാത്രയ്‌ക്കിടെ അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണാതായ ടൈറ്റൻ സമുദ്രപേടകം തകർന്നതായി സ്ഥിരീകരണം. യാത്രയിലുണ്ടായിരുന്ന കോടീശ്വരന്മാരായ അഞ്ച് യാത്രികരും മരിച്ചതായി യുഎസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു. സമുദ്രത്തിനടിയിൽ രണ്ട് മൈൽ ആഴത്തിൽ നിന്നും ടൈറ്റന്റെ പിൻഭാഗത്തെ കവചം, ലാൻഡിംഗ് ഫ്രെയിം എന്നിവയുൾപ്പെടെ അഞ്ച് പ്രധാനഭാഗങ്ങൾ ഇന്നലെ കണ്ടെത്തിയിരുന്നു. ഹോറിസൺ ആർട്ടിക് എന്ന കപ്പലിലെ ആളില്ലാ ചെറു സമുദ്രവാഹനമാണ് ഇവയൊക്കെ കണ്ടെത്തിയത്. കടലിനടിയിലെ ശക്തമായ മർദ്ദത്തെ തുടർന്ന് ടൈറ്റൻ അകത്തേയ്‌ക്ക് പൊട്ടിയതാകാം എന്നാണ് നിഗമനം. എന്നാൽ ടൈറ്റൻ എപ്പോഴാണ് തകർന്നതെന്ന് വ്യക്തമല്ല. യാത്രികരുടെ മൃതദേഹങ്ങളും ഇതുവരെ കണ്ടെത്താനായിട്ടില്ല.
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് ടൈറ്റന്റെ ഭാഗങ്ങൾ കണ്ടൈത്തിയിരിക്കുന്നത്. യാത്രികരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ യുഎസും കാനഡയും വിമാനങ്ങൾ, കപ്പലുകൾ, വിവിധ ഉപകരണങ്ങൾ എന്നിവയുടെ സഹായത്തോടുകൂടി തിരച്ചിൽ തുടരാനാണ് തീരുമാനം. ടൈറ്റന്റെ ഉടമസ്ഥരായ ഓഷ്യൻഗേറ്റ് കമ്പനിയുടെ സിഇഒ സ്റ്റോക്ടൺ റഷ്, ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹർഡിംഗ്, ബ്രിട്ടീഷ് – പാകിസ്താനി കോടശ്വരൻ ഷെഹാസാദാ ദാവൂദ്, മകൻ സുലോമാൻ, ഫ്രഞ്ച് പര്യവേഷകൻ പോൾ ഹെന്റി നാർജിയോലെറ്റ് എന്നിവരായിരുന്നു ടൈറ്റനിൽ ഉണ്ടായിരുന്നത്. പോൾ ആയിരുന്നു ടൈറ്റന്റെ പൈലറ്റ്. ഇവർ മരിച്ചതായി കണക്കാക്കുന്നുവെന്ന് കമ്പനിയും ഇന്നലെ പ്രസ്താവനയിറക്കിയിരുന്നു. ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്‌ക്കാണ് ടൈറ്റനെ കാണാതാകുന്നത്. കടലിൽ ഇറക്കി ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ മാതൃകാകപ്പലായ പോളാർ പ്രിൻസുമായുള്ള ആശയവിനിമയം നഷ്ടമാകുകയായിരുന്നു.
ലോകചരിത്രത്തിലെ തന്നെ അസാധാരണമായ ഒരു തിരച്ചിലിനാണ് അറ്റ്‌ലാൻറിക് സമുദ്രം സാക്ഷ്യം വഹിക്കുന്നത്. 1912-ൽ 2200 യാത്രക്കാരുമായി അറ്റ്‌ലാന്റിക്് സമുദ്രത്തിൽ മഞ്ഞുമലയിൽ ഇടിച്ച് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ 1985 ലാണ് ഗവേഷകർ കണ്ടെത്തുന്നത്. നൂറ്റാണ്ടിലേറെ കാലമായി കടലിന്റെ അടിത്തട്ടിൽ കിടക്കുന്ന ആ അവശിഷ്ടങ്ങൾ കാണാനായി അഞ്ച് സഞ്ചാരികളുമായി പോയ അന്തർവാഹിനിയാണ് കാണാതായത്. ഒഷ്യൻ ഗേറ്റ് എന്ന സ്വകാര്യ കമ്പനി നടത്തുന്ന ഈ ആഴക്കടൽ ടൂറിനായി ഒരാൾ നൽകേണ്ട ഫീസ് രണ്ട് കോടി രൂപയാണ്. എട്ട് മണിക്കൂർ സമയത്തിൽ കടനിലിനടിയിൽ പോയി ടൈറ്റാനിക് കണ്ട് തിരിച്ചു വരാം എന്നതാണ് യാത്ര. അങ്ങനെ പോയ പേടകമാണ് ദിവസങ്ങൾ കഴിഞ്ഞിട്ടും തിരികെയെത്താഞ്ഞത്.
















Comments