ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ജനലുകളുടെ നിർമ്മാണം സെപ്തംബറോടെ പൂർത്തീകരിക്കും. നിർമ്മാണത്തിലിരിക്കുന്ന ക്ഷേത്രത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് ട്വിറ്ററിൽ പങ്കുവെച്ചു.
ചിത്രങ്ങളിൽ ക്ഷേത്രത്തിന്റെ ചുമരുകളിൽ മനോഹരമായ കൊത്തുപണികളും കരകൗശലവസ്തുക്കളും കാണാവുന്നതാണ്. ക്ഷേത്രത്തിന്റെ ഇടനാഴികളിലും മേൽക്കൂരകളിലും കൊത്തിവച്ചിരിക്കുന്ന ചിത്രങ്ങൾ ക്ഷേത്രത്തിനെ കൂടുതൽ ഭംഗിയുള്ളതാക്കുന്നു.

രാമക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഒക്ടോബറിൽ പണി പൂർത്തിയാകുന്ന താഴെത്തെ നിലയിൽ രാമ കഥ ചിത്രീകരിക്കും. 380 അടി നീളവും 250 അടി വീതിയുമുള്ള ക്ഷേത്ര സമുച്ചയമാണ് അയോദ്ധ്യയിൽ യാഥാർത്ഥ്യമാകുന്നത്.

മ്യൂസിയം ഉൾപ്പെടെ ക്ഷേത്ര സമുച്ചയം മുഴുവനായും 75 ഏക്കറിലായിരിക്കും സ്ഥിതി ചെയ്യുന്നത്. തീർത്ഥാടന കേന്ദ്രം, മ്യൂസിയം, ആർക്കൈവ്സ്, റിസർച്ച് സെന്റർ, ഓഡിറ്റോറിയം, ആചാരാനുഷ്ഠാനങ്ങൾക്കുള്ള വേദി, ഭരണപരമായ കെട്ടിടങ്ങൾ, പുരോഹിതർക്കുള്ള താമസസൗകര്യം എന്നിവ പൂർത്തീകരിക്കപ്പെടുന്ന ക്ഷേത്ര സമുച്ചയത്തിൽ ഉൾപ്പെടുന്നു.

അതേസമയം, അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ മകരസംക്രാന്തി ദിനത്തിൽ നടക്കുമെന്ന് രാമജന്മഭൂമി ട്രസ്റ്റ് അറിയിച്ചു. പത്ത് ദിവസം നീണ്ട് നിൽക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി മുഖ്യാതിഥിയാകും. രാജ്യത്തിനകത്തും പുറത്തുമുള്ള ഭക്തർക്കായി പ്രതിഷ്ഠാ ചടങ്ങുകൾ സംപ്രേക്ഷണം ചെയ്യുമെന്നും രാമക്ഷേത്ര ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്.
















Comments