കണ്ണൂർ: വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാലിന് ജാമ്യം ലഭിച്ചു. എന്നാൽ ഐടി ആക്ട് അനുസരിച്ച് കണ്ണപുരം പൊലീസ് മറ്റൊരു കേസെടുത്തതിനാൽ നിഹാലിന് ഉടൻ പുറത്തിറങ്ങാൻ സാധിക്കില്ല. നിഹാലിനെ കണ്ണപുരം പൊലീസിന് കൈമാറും. നിലവിൽ വളാഞ്ചേരി പൊലീസ് കസ്റ്റഡിയിലാണ് നിഹാൽ.
നിവാഹിന്റെ യുട്യൂബ് അടക്കമുള്ള സാമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ പൂട്ടിക്കാനാണ് പോലീസ് നീക്കം. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായാണ് ലഭിക്കുന്ന വിവരം. തൊപ്പിയുടെ രണ്ടു ഫോണുകളും കംപ്യൂട്ടറും അടക്കം ഇലക്ടോണിക് ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വളാഞ്ചേരിയിൽ ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തിയതായും ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐടി ആക്ടിലെ 57-ാം വകുപ്പ് ചുമത്തിയാണ് കണ്ണപുരം പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ അർദ്ധരാത്രിയോടെ താമസ സ്ഥലത്തെ വാതിൽ തകർത്താണ് തൊപ്പിയെ പോലാസ് കസ്റ്റഡിയിലെടുത്തത്. ഇതിന്റെ വീഡിയോ നിഹാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
Comments