ബാങ്കിൽ പോകാതെ തന്നെ വീട്ടിലിരുന്ന് 2000-ത്തിന്റെ നോട്ടുകൾ മാറ്റിയെടുക്കാൻ സുവർണാവസരം. ആമസോൺ ഉപഭോക്താക്കൾക്കാണ് അവസരമൊരുക്കിയിരിക്കുന്നത്. ആമസോൺ പേയിലെ ‘ക്യാഷ് ലോഡ് അറ്റ് ഡോർസ്‌റ്റെപ്പ്’ എന്ന സേവനം വഴിയാണ് നോട്ട് മാറാവുന്നത്.
ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾക്കായി തങ്ങളുടെ ഉപഭോക്താക്കൾക്ക് 2000 രൂപ നോട്ടുകൾ ഡെലിവറി ഏജന്റുമാർക്ക് കൈമാറാമെന്ന് ആമസോൺ അറിയിച്ചിട്ടുണ്ട്. ഈ തുക പിന്നീട് അവരുടെ ആമസോൺ പേ വാലറ്റുകളിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.
ഡെലിവറി ഏജന്റുമാർ വീട്ടിലെത്തി 2000 രൂപ നോട്ടുകൾ ശേഖരിക്കും. ഈ തുക അവരുടെ ആമസോൺ പേ ബാലൻസ് അക്കൗണ്ടിലേക്ക് ഉടനെ ക്രെഡിറ്റ് ചെയ്യും. 2,000 രൂപയുടെ നോട്ടുകൾ ഉൾപ്പെടെ പ്രതിമാസം 50,000 രൂപ വരെ ആമസോൺ പേ വാലറ്റുകളിലേക്ക് നിക്ഷേപിക്കാവുന്നതാണ്.
ക്യാഷ് ലോഡ് അറ്റ് ഡോർസ്‌റ്റെപ്പ് സേവനം ഉപയോഗിക്കുന്നതിന് ഉപഭോക്താക്കൾ ആദ്യം ആമസോൺ ആപ്പിൽ വീഡിയോ കെവൈസി പ്രക്രിയ പൂർത്തിയാക്കണം. ശേഷം ആമസോൺ വഴി ക്യാഷ് ഓൺ ഡെലിവറി ഓർഡർ നൽകണം. ഓർഡർ ചെയ്ത സാധനം വിതരണം ചെയ്യുന്നതിനായി ഡെലിവറി ഏജന്റ് എത്തുമ്പോൾ കൈവശമുള്ള 2000 രൂപയുടെ നോട്ടുകൾ നൽകുക. ഡെലിവറി ഏജന്റ് ഈ നോട്ട് സ്‌കാൻ ചെയ്ത് കഴിയുന്നതോടെ ആമസോൺ പേ അക്കൗണ്ടിൽ ഇത് അപ്‌ഡേറ്റ് ചെയ്യും. ഒരു മിനിറ്റുനുള്ളിൽ ആമസോൺ പേ ബാലൻസിൽ ഒരു യുപിഐ ഹാൻഡിൽ സൃഷ്ടിക്കാനും പേയ്‌മെന്റുകൾ നടത്താനും കഴിയും.
ഓൺലൈന് പുറമേ ഓഫ്‌ലൈനായും പേയ്‌മെന്റുകൾ നടത്താൻ ആമസോൺ പേ അക്കൗണ്ടിലെ തുക ഉപയോഗിക്കാവുന്നതാണ്. കടകളിൽ ക്യൂആർ കോഡ് സ്‌കാൻ ചെയ്തുള്ള പേയ്‌മെന്റുകൾക്കും ഉപയോഗിക്കാം. മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനും കഴിയും.
Comments