കണ്ണൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവം അവസാന ദിവസങ്ങളിലേക്ക് കടക്കുമ്പോൾ ചതുശ്ശതങ്ങളിൽ അവസാനത്തേതായ മകം നാളിലെ കലം വരവ് ഇന്ന് നടക്കും. കൊട്ടിയൂർ പെരുമാളിന് സമർപ്പിക്കുന്ന വലിയവട്ടളം പായസ നിവേദ്യമാണ് ചതുശ്ശതം. പതിനായിരക്കണക്കിന് ഭക്തരാണ് ഓരോ ദിവസവും കൊട്ടിയൂർ പെരുമാളിനെ കാണാൻ ക്ഷേത്ര സന്നിധിയിലെത്തുന്നത്. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് കൊട്ടിയൂർ ക്ഷേത്രത്തിന്റെ പ്രത്യേകത.

ചോതി നക്ഷത്രം തൊട്ട് മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള 27 നാളുകളിൽ നടക്കുന്ന വൈശാഖ മഹോത്സവമാണ് അവസാന ദിവസങ്ങളിലേക്ക് കടക്കുന്നത്. വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നാണ് മകം കലം വരവ്. മകം ദിവസം ഉച്ചവരെ ചടങ്ങുകളെല്ലാം സാധാരണ രീതിയിലായിരിക്കും. ഉച്ചശീവേലിയോടുകൂടി ഭക്തരായ സ്ത്രീ ജനങ്ങളും ആനകളും വിശേഷ വാദ്യങ്ങളും അക്കരെ സന്നിധാനത്ത് നിന്നും മടങ്ങും. മുഴക്കുന്ന് നല്ലൂർ ദേശത്ത് നിന്ന് കുലാല സ്ഥാനികനായ നല്ലൂരാനും സംഘവും കലശ പൂജയ്‌ക്കുള്ള മൺകലങ്ങൾ എഴുന്നള്ളിച്ച് വൈകുന്നേരത്തോടെ കൊട്ടിയൂരിൽ എത്തിച്ചേരും. തുടർന്ന് കൊട്ടിയൂരിൽ ഗൂഢപൂജകളുടെ ദിനങ്ങളായിരിക്കും.

27-ന് അത്തം ചതുശ്ശതവും വാളാട്ടവും കലശപൂജയും നടക്കും. 28-നാണ് തൃക്കലശാട്ട് നടക്കുന്നത്. തിരുവാതിര, പുണർതം, ആയില്യം, അത്തം എന്നീ നാളുകളിലാണ് ചതുശ്ശതം അഥവാ വലിയവട്ടാളം പായസം നിവേദിക്കുന്നത്. തിരുവാതിര പന്തീരടിയോടെയാണ് തിടപ്പള്ളിയിൽ പായസ നിവേദ്യം ആരംഭിക്കുക. നൂറ് ഇടങ്ങഴി അരി, നൂറു നാളികേരം, നൂറു കിലോ ശർക്കരയും നെയ്യും ചേർത്താണ് വലിയവട്ടാളം പായസ നിവേദ്യം തയാറാക്കുന്നത്.

















Comments