വാഷിംഗ്ടൺ: ത്രിദിന സന്ദർശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് വലിയ സ്വീകരണമാണ് യുഎസ് ഗവൺമെന്റും ഇന്ത്യൻ പൗരന്മാരും ഒരുക്കിയത്. യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിലടക്കം മോദി വിളികൾ ഉയർന്നിരുന്നു. നരേന്ദ്രമോദിക്ക് ലഭിച്ച സ്വീകരണം ലോക രാജ്യങ്ങളെല്ലാം ഉറ്റുനോക്കുകയാണ്. ഇപ്പോഴിതാ, പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ചുള്ള സമാപന പരിപാടിയിൽ നിന്നുള്ള ദൃശ്യമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഹോളിവുഡ് നടിയും പ്രമുഖ ആഫ്രിക്കൻ-അമേരിക്കൻ ഗായികയുമായ മേരി മിൽബെൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാല് തൊട്ട് വന്ദിക്കുന്ന വീഡിയോയാണ് വൈറലാവുന്നത്. ദേശീയ ഗാനമായ ജൻ ഗണ മന ആലപിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിക്ക് അരികിലെത്തി താരം പ്രണാമം അർപ്പിച്ചത്. ഗായികയെ സ്നേഹപൂർവ്വം പ്രധാനമന്ത്രി തടയുന്നുമുണ്ട്. വാഷിംഗ്ടൺ ഡിസിയിലെ റൊണാൾഡ് റീഗൻ ബിൽഡിംഗ് ആൻഡ് ഇന്റർനാഷണൽ ട്രേഡ് സെന്ററിലാണ് സമാപന പരിപാടി നടന്നത്.
പ്രധാനമന്ത്രി മോദിക്ക് മുന്നിൽ ഇന്ത്യൻ ദേശീയ ഗാനം ആലപിച്ചതിൽ തനിക്ക് അഭിമാനമുണ്ട് എന്നും ഇന്ത്യയോടും ആ രാജ്യത്തെ ജനങ്ങളോടും തനിക്ക് ബഹുമാനമുണ്ടെന്നും മേരി മിൽബെൻ പറഞ്ഞു. അമേരിക്കൻ, ഇന്ത്യൻ ഗാനങ്ങൾ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആശയങ്ങൾ സംസാരിക്കുന്നു. ഇതാണ് യുഎസ്-ഇന്ത്യ ബന്ധത്തിന്റെ യഥാർത്ഥ സത്ത. ഒരു സ്വതന്ത്ര രാഷ്‌ട്രം സ്വതന്ത്ര ജനതയാൽ മാത്രമേ നിർവചിക്കപ്പെടുകയുള്ളൂ എന്നും അവർ കൂട്ടിച്ചേർത്തു.
















Comments