ശുഭകാര്യങ്ങൾക്ക് മുൻപായി തേങ്ങ ഉടയ്‌ക്കുന്നത് പല ചടങ്ങുകളിലും നാം കണ്ടിട്ടുണ്ട്. തേങ്ങയുടയ്‌ക്കുക എന്നത് ഹൈന്ദവ മതത്തിലെ ആചാരവും വിശ്വാസവുമാണ്. തേങ്ങ ഉടഞ്ഞാൽ അത് ശുഭ ലക്ഷണമായാണ് കരുതുന്നത്. ക്ഷേത്രങ്ങളിൽ മാത്രമല്ല, മതപരമായ പല ചടങ്ങുകളിലും തേങ്ങ ഉടയ്‌ക്കുന്നത് പ്രധാന ചടങ്ങിൽ ഉൾപ്പെടുന്ന ഒന്നാണ്.
ഇതിന് പിറകിൽ പല വിശ്വസങ്ങളാണ് ഉള്ളത്. ശുഭകാര്യങ്ങൾക്കായി തേങ്ങയുടയ്‌ക്കുന്നതിന്റെ പ്രസക്തി വളരെ വലുതാണ്. തേങ്ങ എറിഞ്ഞ് ഉടയ്‌ക്കുമ്പോൾ തടസമായി നിൽക്കുന്ന നെഗറ്റീവ് എനർജി അഥവാ അദൃശ്യ ശക്തികളെ എറിഞ്ഞു കളയുന്നു എന്നാണ് വിശ്വാസം. തേങ്ങയുടെ വെളുത്ത ഉൾഭാഗം ഏറെ പരിശുദ്ധമാണെന്ന് കണക്കാക്കപ്പെടുന്നു. ഒരാൾ തേങ്ങയുടയ്‌ക്കുമ്പോൾ അയാളുടെ മനസും അതിന് സമമായി പരിശുദ്ധമാകുന്നു എന്നാണ് വിശ്വാസം.
തേങ്ങ ഉടയ്‌ക്കുന്നതോടെ ദൈവത്തോട് അടുക്കുന്നു എന്നാണ് വിശ്വാസം. മനുഷ്യന്റെ തലയേയാണ് തേങ്ങ പ്രതിനിധാനം ചെയ്യുന്നത്. ഇതിന്റെ ഏറ്റവും പുറന്തോടിനെ ഈഗോ അഥവാ ഞാനെന്ന ഭാവം എന്ന് കണക്കാക്കുന്നു. ഉള്ളിലെ നാരുകളെ കർമ്മമായാണ് കണക്കാക്കുന്നത്. വെളുത്ത കാമ്പിനെ പൊതിയുന്ന ചിരട്ട ഈ ലോകമാകുന്ന മായയെന്നും ഉള്ളിലെ വെളുത്ത കാമ്പിനെ പരമാത്മാവ് എന്നിങ്ങനെയാണ് കണക്കാക്കുന്നത്.
തേങ്ങയുടയ്‌ക്കുന്നതിലൂടെ ജീവാത്മാവ് പരമാത്മാവായുള്ള സംഗമം നടക്കുകയാണ് എന്നാണ് വിശ്വാസം. ഇതോടെ പ്രതിസന്ധികളെയെല്ലാം തരണം ചെയ്യാൻ സാധിക്കും. ഇതാണ് തേങ്ങ ശ്രീഫലം എന്നറിയപ്പെടുന്നത്. അതായത് ദൈവത്തിന്റെ സ്വന്തം ഫലം. തേങ്ങ ഹൃദയവും ഇതിനു ചുറ്റുമുള്ള ചകിരി ആഗ്രഹങ്ങളുമാണെന്നാണ് വിശ്വാസം. തേങ്ങാവെള്ളം പരിശുദ്ധിയെ സൂചിപ്പിയ്‌ക്കുന്നതാണ്. തേങ്ങ ഉടയ്‌ക്കുന്നതിലൂടെ ആഗ്രഹങ്ങളെ തരണം ചെയ്ത് ഹൃദയം പരിശുദ്ധമാക്കുമെന്ന വിശ്വാസവുമുണ്ട്.
Comments