പ്രേത,ഭൂത പിശാചുക്കളെ വിശ്വാസമുണ്ടോ..അല്ലെങ്കിൽ അങ്ങനെയൊരു സംഭവമുണ്ടോ…തികച്ചും ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണിത്. അത്തരം ശക്തികൾ പലരീതിയിൽ മനുഷ്യരുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്. മനുഷ്യന്റെ മനസിൽ മനുഷ്യനായി തന്നെ ഉടലെടുക്കപ്പെടുന്ന ഒന്നാണ് ഭയം. ചിലർക്ക് പ്രേതബാധയുള്ള സ്ഥലങ്ങൾ സന്ദർശിക്കാനും അവിടുത്തെ അനുഭവങ്ങൾ ഒപ്പിയെടുക്കാനും വലിയ താൽപ്പര്യമാണ്. ഭയമില്ലാത്തവർക്ക് മാത്രം സന്ദർശിക്കുന്നതിനായി നമ്മുടെ ഇന്ത്യയിൽ അഞ്ച് സ്ഥലങ്ങളുണ്ട്. കുറച്ച് അധികം ആത്മധൈര്യം ഉള്ളവർക്ക് മാത്രം സന്ദർശിക്കാൻ സാധിക്കുന്നവയാണ് ഈ സ്ഥലങ്ങൾ.
രാജസ്ഥാനിലെ ഭംഗർഹ് കോട്ട

ഒരുപക്ഷേ ഇന്ത്യയിലെ ഏറ്റവും പ്രേതബാധയുള്ള സ്ഥലങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ എല്ലാവരും രാജസ്ഥാനിലെ അൽവാർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഭംഗാർഹ് കോട്ടയെ കുറിച്ച് കേട്ടിട്ടുണ്ടായിരിക്കും. ഈ കോട്ടയുടെ കഥയനുസരിച്ച്, ഒരു സന്ന്യാസി കോട്ടയ്‌ക്കുള്ളിൽ കാലങ്ങളായി താമസിച്ചിരുന്നു. കോട്ടയുടെ പരിസരത്ത് നിർമ്മിക്കുന്ന വീടുകൾ തന്റേതിനേക്കാൾ ഉയരത്തിലായിരിക്കരുത് എന്ന വാശിയോടെ ജീവിച്ച മനുഷ്യനായിരുന്നു ആ സന്ന്യാസി. കൂടാതെ സന്ന്യാസിയുടെ വാസസ്ഥലത്ത് നിഴൽ വീഴ്‌ത്തരുത് എന്നതും അദ്ദേഹത്തിന്റെ കടുത്ത നിർദ്ദേശമായിരുന്നു. എന്നാൽ കോട്ടയുടെ സമീപത്തിൽ നിർമ്മിച്ച കെട്ടിടം സന്ന്യാസിയുടെ ഭവനത്തിൽ നിഴൽ വീഴ്‌ത്തി. തുടർന്ന് ക്ഷുഭിതനായ സന്ന്യാസി കോട്ട നഗരത്തെ ഒന്നടങ്കം നശിപ്പിക്കുകയായിരുന്നു. കോട്ട നഗരത്തിന് ചുറ്റും ഇന്ന് പ്രേതബാധയുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഈ കോട്ടയുടെ പ്രദേശം അപകടകരമായാണ് കണക്കാക്കുന്നത്. ഇരുട്ടായി കഴിഞ്ഞാൽ പ്രദേശത്തേക്ക് ആരും പോകരുതെന്ന കർശന നിർദ്ദേശമുണ്ട്.
ഡൗ ഹിൽ, കുർസോങ്

ഡാർജിലിംഗിലെ കുർസിയോങ് എന്ന ചെറിയ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഡൗ ഹിൽ ആണ് അടുത്ത പേടിപ്പെടുത്തുന്ന സ്ഥലം. ഡാർജിലിംഗിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. കുർസിയോങ് പട്ടണത്തിന് മുകളിലാണ് ഡൗ ഹിൽസ്. ഈ സ്ഥലവുമായി ബന്ധപ്പെട്ട് അനേകം കഥകളാണുള്ളത്. രാവും പകലും, അസ്വാഭാവികത ജനിപ്പിക്കുന്ന നിരവധി സംഭവങ്ങളാണ് പ്രദേശത്ത് ഉണ്ടാകുന്നത്. ഡൗ ഹിൽ റോഡിനും ഫോറസ്റ്റ് ഓഫീസിനും ഇടയിലുള്ള പാതയിൽ അപകടങ്ങളും തുടർകഥയാണ്. ഒരു ചെറുപ്പക്കാരന്റെ തലയില്ലാത്ത രൂപം കാട്ടിലേക്ക് നടന്ന് അപ്രത്യക്ഷമാകുന്നത് നിരവധി പേർ കണ്ടിട്ടുള്ളതായി നാട്ടുകാർ പറയുന്നു. ഇതുപോലുള്ള ഒട്ടനവധി കാര്യങ്ങളാണ് പ്രദേശത്ത് നടക്കുന്നത്. ചാരനിറത്തിലുള്ള വസ്ത്രം ധരിച്ച സ്ത്രീയുടെ രൂപവും പലരും കണ്ടിട്ടുള്ളതായും പറയപ്പെടുന്നുണ്ട്.
കുൽധാര ഗ്രാമം, രാജസ്ഥാൻ

ഭംഗാർഹ് കോട്ട കഴിഞ്ഞാൽ, ഭയാനകവും അസാധാരണവുമായ സംഭവങ്ങൾക്ക് പേരുകേട്ട ഒരു സ്ഥലമുണ്ടെങ്കിൽ അത് കുൽധാര ഗ്രാമം ആയിരിക്കും. 300 വർഷങ്ങൾക്ക് മുമ്പ് ജയ്സാൽമീർ സംസ്ഥാനത്തിന് കീഴിലുള്ള പാലിവാൾ ബ്രാഹ്മണരുടെ സമ്പന്നമായ ഗ്രാമമായിരുന്നു കുൽധാര. എന്നിരുന്നാലും, സംസ്ഥാനത്തിന്റെ ശക്തനും നികൃഷ്ടനുമായ സലിം സിങ്ങാണ് ഗ്രാമം ഭരിച്ചിരുന്നത്. അവിടെ ജീവിച്ചിരുന്ന ഒരു പാവപ്പെട്ട പെൺകുട്ടിയെ നിർബന്ധിപ്പിച്ച് വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്തതോടെയാണ് കാര്യങ്ങൾ പ്രശ്‌നങ്ങളിലേക്ക് കടക്കുന്നത്. തന്റെ ആഗ്രഹങ്ങൾ നടന്നില്ലെങ്കിൽ ഗ്രാമത്തെ ഒന്നടങ്കം നശിപ്പിക്കുമെന്നും സലിം സിങ് ഭീഷണിപ്പെടുത്തി. തുടർന്ന് 85 ഗ്രാമങ്ങളിൽ നിന്നുള്ള ആളുകൾ അവരുടെ ഗ്രാമവും സ്വത്തും ഉപേക്ഷിച്ച് നാടുവിട്ട് പോകുകയും ചെയ്തു. തങ്ങൾ പോയതിന് ശേഷം ഇവിടെ ആർക്കും താമസിക്കാൻ സാധിക്കില്ലെന്ന് ഗ്രാമവാസികൾ നാടുവിട്ട് പോകുന്നതിന് മുമ്പ് അവർ കുൽധാരയെ ശപിച്ചു. അതിന് ശേഷം ഇവിടെയാർക്കും രാത്രിയിൽ താമസിക്കാൻ സാധിച്ചിട്ടില്ല.
മൽച മഹൽ, ഡൽഹി

ന്യൂഡൽഹിയിലെ ചാണക്യപുരി പ്രദേശത്തുള്ളതാണ് മൽച മഹൽ. 1325-ൽ ഡൽഹി സുൽത്താനത്ത് ഭരിച്ച ഫിറോസ് ഷാ തുഗ്ലക്കാണ് ഇത് പണികഴിപ്പിച്ചത്. അവാധിലെ ‘ബീഗം വിലായത്ത് മഹൽ’ ഇവിടെ താമസിക്കാൻ തുടങ്ങിയതോടെയാണ് ഇത് വിലായത്ത് മഹൽ എന്നറിയപ്പെട്ടത്. ഔധിലെ രാജകുടുംബത്തിലെ അംഗമാണെന്ന് അവകാശപ്പെട്ട അവർ 1985 -ൽ ഇന്ത്യാ ഗവൺമെന്റ് ഈ സ്ഥലം നൽകിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. വിലായത്ത് 62-ാം വയസ്സിൽ ആത്മഹത്യ ചെയ്തു. ബീഗം വിലായത്തിന്റെ മരണശേഷം മകൾ സക്കീന അവിടെ താമസിച്ചു. കുറച്ച് നാളിന് ശേഷം സക്കീനയും മരിക്കുകയായിരുന്നു. ദുരൂഹ സാഹചര്യത്തിലാണ് രണ്ട് മരണങ്ങളും നടന്നത്. മാൽച മഹൽ ഒരു കാടിന് നടുവിലാണ് സ്ഥിതി ചെയ്യുന്നത്. അസ്വഭാവികത നിറഞ്ഞ അന്തരീഷമാണ് പ്രദേശത്തുള്ളത്.
മുകേഷ് മിൽസ്, മുംബൈ

1800-കളുടെ അവസാനത്തിനും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിനും ഇടയിൽ മുംബൈയിലെ കൊളാബയുടെ സമീപപ്രദേശത്താണ് മുകേഷ് മിൽസ് സ്ഥാപിക്കപ്പെട്ടതെന്നാണ് വിശ്വസിക്കപ്പെട്ടത്. 1982-ൽ, ഈ മില്ല് കത്തിനശിക്കുകയും കെട്ടിടത്തിൽ കുടുങ്ങിയ നിരവധി തൊഴിലാളികൾ മരിക്കുകയും ചെയ്തു. അതിന് ശേഷം പല ദുരൂഹ മരണങ്ങളും പ്രദേശത്തുണ്ടായിട്ടുണ്ട്. തുടർന്ന് മില്ലിന്റെ പരിസര പ്രദേശങ്ങളിൽ മില്ലിനുള്ളിൽപ്പെട്ട് മരിച്ചവരുടെ ആത്മാക്കൾ അലഞ്ഞുതിരിയുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
















Comments