കാസർകോട്: വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിൽ മുൻ എസ്എഫ്‌ഐ നേതാവ് കെ. വിദ്യ ഇന്ന് നിലേശ്വരം പോലീസിന് മുന്നിൽ ഹാജരായേയ്‌ക്കും. ഞായറാഴ്ച ഹാജരാകാനായിരുന്നു വിദ്യയ്‌ക്ക് നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ ആരോഗ്യ പ്രശനങ്ങൾ ചൂണ്ടിക്കാണിച്ച് ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. കരിന്തളം കോളേജ് അധികൃതരുടെ പരാതിയിൽ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് നീലേശ്വരം പോലീസ് വിദ്യക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
അഗളി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ശനിയാഴ്ചയായിരുന്നു വിദ്യയ്‌ക്ക് കോടതി ജാമ്യം അനുവദിച്ചത്. തുടർന്നാണ് കരിന്തളം കേസിൽ ചോദ്യം ചെയ്യാനായി നേരിട്ട് ഹാജരാകാനായി നോട്ടീസ് നൽകിയത്. കഴിഞ്ഞ അദ്ധ്യയന വർഷത്തിലായിരുന്നു കെ. വിദ്യ വ്യാജരേഖ ഉപയോഗിച്ച് കരിന്തളം കോളേജിൽ താൽക്കാലിക അദ്ധ്യാപികയായി ജോലി ചെയ്തിരുന്നത്. അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ സമർപ്പിച്ച പ്രവൃത്തിപരിചയ രേഖ വ്യാജമാണെന്നുള്ള വിവരം പുറത്തുവന്നതോടെയാണ് കരിന്തളം കോളേജും പരാതിയുമായി രംഗത്തെത്തിയത്.
പരാതിയിൽ നീലേശ്വരം പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് വിദ്യയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.
Comments