രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ തീർത്ഥയാത്രകളിലൊന്നായ അമർനാഥ് തീർത്ഥാടനത്തിന് ജൂലൈ ഒന്നിന് തുടക്കമാകും. 62 ദിവസം നീണ്ട് നിൽക്കുന്ന തീർത്ഥാടനം ഓഗസ്റ്റ് 31-നാണ് അവസാനിക്കുക. ഈ കാലയളവിൽ പതിനായിരങ്ങളാണ് അമർനാഥ് ഗുഹയിലെത്തി ശിവലിംഗം ദർശിക്കുന്നത്. തെക്കൻ കശ്മീരിലെ ഹിമാലയൻ മലനിരകളിലൂടെയാണ് തീർത്ഥാടനം നടക്കുന്നത്. അമർനാഥ് ഗുഹയിലെത്തി ശിവലിംഗം ദർശിക്കുന്നതോടെ വിശ്വാസികൾ സായൂജ്യമടയുന്നു.
ശ്രാവണ മാസത്തിൽ അമർനാഥ് ഗുഹയിൽ പ്രത്യക്ഷപ്പെടുന്ന സ്വയംഭു ശിവലിംഗം കണ്ട് ദർശനം നടത്തി പ്രാർത്ഥിച്ച് അനുഗ്രഹം തേടുകയാണ് ഓരോ തീർത്ഥാടകനും. സ്‌കന്ദഷസ്തി ദിനത്തിലാരംഭിക്കുന്ന അമർനാഥ് യാത്ര ശ്രാവണ പൂർണിമയിൽ അവസാനിക്കുന്ന വിധത്തിലാണ് നടത്തുന്നത്. കാലാവസ്ഥ, മഞ്ഞുവീഴ്ച തുടങ്ങിയ കാരണങ്ങളാൽ ചിലപ്പോൾ തീർത്ഥാടന തീയതികൡ വ്യത്യാസം വരാവുന്നതാണ്.
രണ്ട് റൂട്ടുകളാണ് തീർത്ഥാടകർക്ക് അമർനാഥ് ഗുഹയിലെത്താനുള്ളത്. ലഭ്യമായ രണ്ട് റൂട്ടിലും പ്രതിദിനം 7,500 പേർക്ക് യാത്ര നടത്താവുന്നതാണ്. ഹഹൽഗാമിൽ നിന്നാരംഭിക്കുന്ന 48 കിലോമീറ്റർ ദൈർഘ്യമുള്ള നുവാൻ റൂട്ടും, ഗണ്ഡേർബാലിൽ നിന്നാരംഭിക്കുന്ന 14 കിലോമീറ്റർ ദൂരമുള്ള ബാലതാർ റൂട്ടുമാണ് തീർത്ഥാടനപാതകൾ. അമർനാഥ് യാത്ര ആരംഭിക്കുന്നതിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കുന്നതിനായി ജമ്മുവിൽ നിന്ന് ബനിഹാലിലേക്ക് മോക്ക് ഡ്രിൽ നടത്തി. ഉദ്യോഗസ്ഥർ എല്ലാവിധ ക്രമീകരണങ്ങളും പരിശോധിച്ചതായി അറിയിച്ചു. തീർത്ഥാടകരുടെ സുരക്ഷയാണ് പ്രധാനമെന്നും അധികൃതർ അറിയിച്ചു.
മഞ്ഞിൽ രൂപം കൊള്ളുന്ന ശിവലിംഗം സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് അമർനാഥ് ഗുഹാ ക്ഷേത്രം. സമുദ്രനിരപ്പിൽ നിന്ന് 12,756 അടി ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറടി ഉയരവും അൻപത് അടി ആഴവുമുള്ളതാണ് അമർനാഥ് ഗുഹ. ശ്രാവണമാസത്തിലെ പൗർണമി നാളിൽ ഭഗവാൻ ശിവൻ ഗുഹാ ക്ഷേത്രത്തിൽ പ്രത്യക്ഷപ്പെടുന്നതെന്നാണ് വിശ്വാസം. അതിനാലാണ് ശ്രാവണ മാസത്തിൽ അമർനാഥ് തീർത്ഥാടനം നടത്തുന്നത്.
Comments