പാലക്കാട്; യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫിപറമ്പിൽ എം.എൽ.എയ്‌ക്കെതിരെ ആഞ്ഞടിച്ച നിയോജക മണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈനെ സസ്‌പെന്റ് ചെയ്തു. ഡി.സി.സി പ്രസിഡന്റ് എ തങ്കപ്പനാണ് സസ്പെൻഡ് ചെയ്തത്. ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുവെന്നും തന്റെ നോമിനേഷനെതിരെ പരാതി നൽകിയതിൽ ഗൂഢാലോചനയുണ്ടെന്നുമാണ് ഇദ്ദേഹത്തിന്റെ ആരോപണം.” എല്ലാ കേസുകളും രാഷ്‌ട്രീയ കേസുകളാണ്. ഒരു കേസിലും താൻ ശിക്ഷിക്കപ്പെട്ടില്ല. ഷാഫി പറമ്പിൽ തന്റെ സ്ഥാനാർത്ഥിയെ ജയിപ്പിക്കാനാണ് നോക്കുന്നത്. ഒരാൾക്കെതിരെയും ഐ ഗ്രൂപ്പ് പാലക്കാട് പരാതി കൊടുത്തിട്ടില്ലെന്നും” സദ്ദാം ഹുസൈൻ വ്യക്തമാക്കി.
“തന്റെ സ്ഥാനാർത്ഥിത്വം തള്ളിക്കാൻ ശ്രമിച്ചത് പാലക്കാട് അസംബ്ലി മണ്ഡലത്തിൽ ഷാഫി പറമ്പിലിന് ജയിക്കാൻ സാധിക്കില്ലെന്ന് ഉറപ്പുള്ളതിനാലാണ്. നിലവിൽ താനാണ് നിയോജക മണ്ഡലം പ്രസിഡന്റ്. ജനാധിപത്യ രീതിയിലാണ് തിരഞ്ഞെടുപ്പെങ്കിൽ ആ നിലയിൽ മത്സരം നടത്തണം. വാക്കോവറിലൂടെ ഒരാളെ നിർത്തി ജയിപ്പിക്കുന്നത് ജനാധിപത്യ രീതിയല്ല. ഷാഫിപറമ്പിൽ കെ.പി.സി.സി സെക്രട്ടറി ചന്ദ്രനെ മുൻനിർത്തി തനിക്കെതിരെ ഗൂഢാലോചന” നടത്തിയതെന്നും സദ്ദാം ഹുസൈൻ പറഞ്ഞു.
ഐ ഗ്രൂപ്പിനെ ഇല്ലാതാക്കാനാണ് ശ്രമം. വളരെയധികം ഫൈറ്റ് ചെയ്താണ് പാലക്കാട് താൻ നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിൽക്കുന്നത്. ഷാഫിക്ക് ആർജ്ജവമുണ്ടെങ്കിൽ പാലക്കാട് തിരഞ്ഞെടുപ്പ് പിന്നീട് നടത്തണം.ഷാഫിയുടെ റിയൽ എസ്റ്റേറ്റ് സാമ്പത്തിക ബന്ധങ്ങൾ അന്വേഷിക്കണമെന്നും സദ്ദാം ഹുസൈൻ പറഞ്ഞു.
Comments