സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക സർവീസ് നടത്താനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഐആർസിടിസിയുടെ ഭാരത് ഗൗരവ് ട്രെയിൻ വഴിയാണ് റെയിൽവേ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. ‘ആസാദി കി അമൃത് യാത്ര’ എന്ന പേരിലാകും യാത്ര. ഓഗസ്റ്റ് 22-ന് ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്‌റ്റേഷനിൽ നിന്നാകും ഭാരത് ഗൗരവ് ട്രെയിനിന്റെ യാത്ര ആരംഭിക്കുക. എട്ട് രാത്രിയും ഒൻപത് പകലും നീളുന്ന യാത്ര, ഗുജറാത്തിലെ അഹമ്മദാബാദ്, കെവാഡിയ, സൂറത്ത്, മഹാരാഷ്‌ട്രയിലെ പൂനെ, ഷിർദി, നാസിക്, ഉത്തർപ്രദേശിലെ ഝാൻസി എന്നിവിടങ്ങളും ഉൾക്കൊള്ളുന്നു.
അഹമ്മദാബാദാകും സഞ്ചാരികൾ ആദ്യം സന്ദർശിക്കുക. ഇവിടെ സബർമതി ആശ്രമം, ദണ്ഡി കുടിർ, അക്ഷാർധാം ക്ഷേത്രം എന്നിവിടങ്ങളും സന്ദർശിക്കാൻ സഞ്ചാരികൾക്ക് സൗകര്യമുണ്ടാകും. തുടർന്ന് ഒരു രാത്രി ഇവിടെ തങ്ങാനുള്ള അവസരവും റെയിൽവേ നൽകുന്നു. നർമ്മദാ നദിയിലെ സർദാർ സരോവർ ഡാം റിസർവോയറും സ്റ്റാച്യു ഓഫ് യൂണിറ്റിയുമായ കെവാഡിയ പട്ടണവുമായി ബന്ധിപ്പിക്കുന്ന ഏകതാ നഗർ റെയിൽവേ സ്റ്റേഷനിലേക്കാകും പിന്നീട് സഞ്ചാരികളെത്തുക. ശേഷം വിനോദസഞ്ചാരികൾ ഗുജറാത്തിലെ രണ്ടാമത്തെ വലിയ നഗരമായ സൂറത്തിൽ എത്തും. ബർദോളിയിലെ സർദാർ പട്ടേൽ മ്യൂസിയവും ദണ്ഡി ബീച്ചിലെ ദേശീയ ഉപ്പ് സത്യാഗ്രഹ സ്മാരകവും ഉൾപ്പെടെയുള്ള നഗര കാഴ്ചകൾ സഞ്ചാരികൾക്ക് കാണാവുന്നതാണ്. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് മഹാത്മാഗാന്ധിയോടൊപ്പം കസ്തൂർബാഗാന്ധിയും തടവിലാക്കിയ ആഗാഖാൻ കൊട്ടാരം, യെർവാഡ ജയിൽ എന്നിവയും സന്ദർശിക്കാവുന്നതാണ്.
തുടർന്ന് ട്രെയിൻ പൂനെയിലെത്തും. അടുത്ത ദിവസം വിനോദസഞ്ചാരികൾക്ക് പുരാതന ശിവക്ഷേത്രവും ഇന്ത്യയിലുടനീളമുള്ള പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിലൊന്നുമായ ഭീമശങ്കര ജ്യോതിർലിംഗം സന്ദർശിക്കാവുന്നതാണ്. ഏഴാം ദിവസം, ഒരു രാത്രി യാത്രയ്‌ക്ക് ശേഷം ട്രെയിൻ ഷിർദ്ദിയിൽ എത്തും. സായി ബാബയുടെ സ്‌നേഹത്തിന്റെയും ദാനധർമ്മത്തിന്റെയും പഠിപ്പിക്കലുകൾക്ക് പേരുകേട്ട പട്ടണമാണ് ഷിർദ്ദി. തുടർന്ന് വിനോദസഞ്ചാരികൾ ശനി ശിംഗ്‌നാപൂർ ക്ഷേത്രം സന്ദർശിച്ച് രാത്രി ഷിർദിയിൽ തങ്ങും.
പിറ്റേന്ന് വിനോദസഞ്ചാരികൾ ത്രയംബകേശ്വർ ജ്യോതിർലിംഗ ദർശനത്തിനായി പുറപ്പെടും. ശേഷം അവസാന ലക്ഷ്യസ്ഥാനമായ ഝാൻസി സന്ദർശിക്കും. ഈ പര്യടനത്തിൽ സഞ്ചാരികൾ ട്രെയിനിൽ ഏകദേശം 3,600 കിലോമീറ്ററാണ് സഞ്ചരിക്കുന്നത്. എസി 3ടയർ, എസി 2 ടയർ, എസി കോച്ചുകളാണ് സഞ്ചാരികൾക്കായി സജ്ജമാക്കിയിരിക്കുന്നത്. എസി 3 ടയറിൽ ഒരാൾക്ക് 31,731 രൂപയും എസി 2 ടയറിൽ ഒരാൾക്ക് 57,015 രൂപയുമാണ്. എസി 1-ന് (ക്യാബിൻ) ഒരാൾക്ക് 60,881 രൂപയും എസി 1-ന് (കൂപ്പെ) ഒരാൾക്ക് 68,145 രൂപയുമാണ് ട്രെയിൻ ടിക്കറ്റ് നിരക്ക്.
















Comments