ചെന്നൈ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി തമിഴ്നാട് ഗവർണർ. മന്ത്രി സ്ഥാനത്ത് തുടരുന്നത് നീതിപൂർവ്വമായ അന്വേഷണത്തെ ബാധിക്കും എന്നത് കണ്ടെത്തിയതിനെ തുടർന്നാണ് ഗവർണർ ആർ.എൻ.രവി സെന്തിലിനെ പുറത്താക്കിയിരിക്കുന്നത്. ജോലി നൽകാമെന്ന് വാഗ്ദാനം നൽകി പണം കൈപ്പറ്റിയതും കള്ളപ്പണം വെളുപ്പിച്ചതുമടക്കമുള്ള നിരവധി അഴിമതിക്കേസുകളിൽ പ്രതിയാണ് സെന്തിൽ ബാലാജി.
മന്ത്രിയെ പുറത്താക്കണമെന്ന് നിർദ്ദേശിച്ചു കൊണ്ടുള്ള ഗവർണർ ആർ.എൻ.രവിയുടെ ശുപാർശ നേരത്തെ ഡിഎംകെ സർക്കാർ തള്ളിയിരുന്നു. സെന്തിൽ വകുപ്പില്ലാ മന്ത്രിയായി തുടരുമെന്ന ഔദ്യോഗിക അറിയിപ്പും സർക്കാർ പുറത്തിറക്കി. മന്ത്രിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് സ്റ്റാലിൻ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. മന്ത്രി സ്ഥാനത്ത് ബാലാജി തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ആരോപണം ശക്തമായിരുന്നു. ഈ പ്രത്യേക സാഹചര്യത്തിലാണ് ഗവർണർ അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്.
കേസിൽ അന്വേഷണം നടക്കവെ വകുപ്പില്ലാ മന്ത്രിയായി ബാലാജി തുടരുന്നത് ഭരണഘടനാ സ്തംഭനത്തിന് വഴിവെക്കുമെന്ന് കാണിച്ചാണ് തമിഴ്നാട് ഗവർണറുടെ നടപടി. തമിഴ്‌നാട് സർക്കാരിന്റെ അന്വേഷണ ഏജൻസിയിൽ നിന്ന് ഇഡി നടപടി നേരിടുന്ന ആദ്യ മന്ത്രിയാണ് സെന്തിൽ ബാലാജി. 2011-15-ൽ പണം വാങ്ങി ജോലി നൽകിയെന്ന കേസിൽ ഏറെ നാളായി അന്വേഷണ ഏജൻസിയുടെ നിരീക്ഷണ വലയത്തിലായിരുന്നു അദ്ദേഹം. അറസ്റ്റിന് മുന്നോടിയായി ബാലാജിയുടെ വസതിയിലും സെക്രട്ടറിയേറ്റ് ഓഫീസിലും ദേശീയ അന്വേഷണ ഏജൻസി തിരച്ചിലും നടത്തി. സെന്തിൽ ബാലാജി പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയെ അറസ്റ്റ് ചെയ്തതെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
















Comments