സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ അവതരിപ്പിച്ച ലഘു സമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടാണ് 2023 ഏപ്രിലിൽ പദ്ധതി ആരംഭിച്ചത്. തുടക്കത്തിൽ പോസ്റ്റ് ഓഫീസ് വഴിയായിരുന്നു പദ്ധതിയിൽ ചേരാൻ സാധിച്ചിരുന്നത്. എന്നാൽ ഇനി മുതൽ ബാങ്ക് വഴിയുടെ പദ്ധതി ലഭ്യമാകുമെന്ന് കേന്ദ്രം വ്യക്തമാക്കി. എല്ലാ പൊതുമേഖലാ ബാങ്കുകളിലും തിരഞ്ഞെടുത്ത സ്വകാര്യ ബാങ്കുകളിലും അക്കൗണ്ട് ആരംഭിക്കാം. സ്വകാര്യ ബാങ്കുകളിൽ ഐസിഐസിഐ, ആക്സിസ്, എച്ച്ഡിഎഫ്സി, ഐഡിബിഐ എന്നിവയിലാണ് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റിന് അക്കൗണ്ട് തുറക്കാൻ അവസരം ലഭിക്കുന്നത്.
ഒറ്റ തവണ നിക്ഷേപ പദ്ധതിയാണിത്. രണ്ട് വർഷമാണ് ഇതിന്റെ കാലാവധി. സ്ത്രീകളുടെയും പെൺകുട്ടികളുടെയും പേരിൽ രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. 7.5 ശതമാനമാണ് പലിശനിരക്ക്. ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാൾ പലിശനിരക്ക് കൂടുതലാണെന്ന് എന്നതാണ് പദ്ധതിയിലേക്ക് ആകർഷിക്കുന്നതിന്റെ പ്രധാന ഘടകം. പദ്ധതിയിൽ ഒരാളുടെ പേരിൽ എത്ര അക്കൗണ്ട് വേണമെങ്കിലും ആരംഭിക്കാവുന്നതാണ്. അക്കൗണ്ട് തുറക്കുന്നത് തമ്മിൽ മൂന്ന് മാസത്തെ ഇടവേള മാത്രമാണ് ആവശ്യം.
നിക്ഷേപം ആരംഭിച്ച തീയതി മുതൽ രണ്ട് വർഷത്തിന് ശേഷം കാലാവധി പൂർത്തിയാകും. തുടർന്ന് പോസ്റ്റ് ഓഫീസിൽ അപേക്ഷ സമർപ്പിച്ച് തുക പിൻവലിക്കാവുന്നതാണ്. അക്കൗണ്ട് തുറന്ന് ഒരു വർഷത്തിന് ശേഷം അക്കൗണ്ടിലുള്ള തുകയുടെ പരമാവധി 40 ശതമാനം വരെ പിൻവലിക്കാവുന്നതാണ്. നിക്ഷേപ കാലാവധിയിൽ ഒരു തവണ മാത്രമേ തുക പിൻവലിക്കാൻ സാധിക്കുകയുള്ളൂ. പാൻ കാർഡിന്റെ പകർപ്പ്, ആധാർ കാർഡ്, ഡെപ്പോസിറ്റ് തുകയുടെ ചെക്ക് എന്നിവയാണ് പദ്ധതിയിൽ ചേരാൻ ആവശ്യമായ രേഖകൾ.
Comments