തിരുവനന്തപുരം: വിടവാങ്ങൽ പ്രസംഗത്തിൽ സർക്കാരിനെ പ്രശംസിച്ച് ഡിജിപി അനിൽകാന്ത്. പോലീസിന്റെ പ്രവർത്തന മികവാണ് സംസ്ഥാനത്ത് ക്രമസമാധാനം നിലനിൽക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്‌ക്ക് സർക്കാർ നൽകുന്നത് മികച്ച പിന്തുണയാണെന്നും പ്രസംഗത്തിൽ അനിൽകാന്ത് പറഞ്ഞു.
ലഹരി തടയാൻ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും അനിൽകാന്ത് സഹപ്രവർത്തകരോട് ആവശ്യപ്പെട്ടു. സുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം മറ്റ് മേഖലകളിലും പോലീസ് മാതൃകയാകണം. ആരോഗ്യമുള്ള ശരീരം സംരക്ഷിക്കാൻ ശ്രമിക്കണം. സഹപ്രവർത്തകർക്കും കേരലത്തിനും നന്ദി അറിയിക്കുന്നതായും അനിൽകാന്ത് പറഞ്ഞു.
കേരളത്തിലെ പോലീസ് മേധാവിയാകുന്ന ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യയാളാണ് അനിൽകാന്ത്. 1988 ബാച്ചിൽ ഇന്ത്യൻ പോലീസ് സർവ്വീസിൽ കേരളാ കേഡറിൽ പ്രവേശിച്ചതോടെയാണ് അനിൽകാന്തിന്റെ ഒദ്യോഗിക ജീവിതം ആരംഭിച്ചത്. എ.എസ്.പി ആയി വയനാട്ടിൽ സർവ്വീസ് ആരംഭിച്ചു. പിന്നീട് തിരുവനന്തപുരം റൂറൽ, റെയിൽവേ എന്നിവിടങ്ങളിൽ എസ്.പിയായി പ്രവർത്തിച്ചു. ന്യൂഡൽഹി, ഷില്ലോങ് എന്നിവിടങ്ങളിൽ ഇൻറലിജൻസ് ബ്യൂറോയിൽ അസിസ്റ്റൻറ് ഡയറക്ടർ. മടങ്ങിയെത്തിയശേഷം പോലീസ് ട്രെയിനിംഗ് കോളേജിൽ പ്രിൻസിപ്പലായി. തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്.പിയായും ജോലി ചെയ്തു.
സ്‌പെഷ്യൽ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളിൽ ഡിഐജി. സ്‌പെഷ്യൽ ബ്രാഞ്ച്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ ഐജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണൽ എക്‌സൈസ് കമ്മീഷണറായും അവസരം. പിന്നീട് എഡിജിപി ആയി സ്ഥാനക്കയറ്റം ലഭിച്ചശേഷം കേരള പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ചെയർമാൻ ആൻറ് മാനേജിംഗ് ഡയറക്ടർ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ എഡിജിപി ആയും പ്രവർത്തിച്ചു. വിശിഷ്ടസേവനത്തിനും സ്തുത്യർഹസേവനത്തിനുമുളള രാഷ്‌ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചിട്ടുണ്ട്. 64-മത് ആൾ ഇന്ത്യ പോലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമൻറേഷനും 2018 ൽ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു. തിരക്കുകൾക്കിടയിലും മുടങ്ങാതെയുള്ള രാവിലത്തെ ഓട്ടവും പലപ്പോഴും അനിൽകാന്തിനെ വാർത്താതാരമാക്കി. സംസ്ഥാനത്തെ വിവിധ മാരത്തോണുകളിലും ഇദ്ദേഹം പങ്കാളിയായിട്ടുണ്ട്.
















Comments