എറണാകുളം: അവയവ കച്ചവട വിവാദത്തിൽ കൊച്ചി ലേക്‌ഷോർ ആശുപത്രിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി മുൻ അന്വേഷണ ഉദ്യോഗസ്ഥൻ രംഗത്ത്. റിട്ട ഡിവൈഎസ്പി ഫേമസ് വർഗീസ് രംഗത്തുവന്നിരിക്കുന്നത്. മരണപ്പെട്ട എബിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് അന്ന് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന ഫേമസ് പറഞ്ഞു. എബിന്റെ കരളും വൃക്കകളും ശേഖരിച്ചത് നിരുത്തരവാദപരമായി ആയിരുന്നു. ഇതുവഴി മറ്റ് ആന്തരികാവയവങ്ങൾക്ക് കേടുപാടുണ്ടായെന്നും പോലീസ് സർജൻ മൊഴി നൽകിയിരുന്നതായി ഫേമസ് വ്യക്തമാക്കി.
തലയിൽ രക്തം കട്ടപിടിച്ചതിന് നൽകേണ്ട ചികിത്സ എബിന് നൽകിയില്ലെന്ന് പോസ്റ്റുമോർട്ടം നടത്തിയ പോലീസ് സർജൻ അന്ന് തന്നോട് പറഞ്ഞതായി വർഗീസ് പറയുന്നു. ഫോറൻസിക് സർജൻ മൃതദേഹം മൃതദേഹം നടത്തിയിരുന്നില്ലെന്നും സർജൻ തന്നോട് പറഞ്ഞു. ശേഷം ഫയലുകൾ പരിശോധിച്ചപ്പോൾ അസ്വഭാവികത തോന്നി. തുടർന്ന് താൻ അന്ന് പോലീസ് സർജന്റെയും ലേക്ഷോർ ആശുപത്രിയിലെ ഡോക്ടർമാരുടെയും മൊഴിയെടുത്തതായും ഫേമസ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
എബിനെ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുത്ത് യുവാവിന്റെ അവയവങ്ങൾ വിദേശിയ്‌ക്ക് ദാനം ചെയ്‌തെന്ന പരാതിയിൽ കൊച്ചിയിലെ ലേക്ഷോർ ആശുപത്രിക്കെതിരെ കോടതി കേസെടുത്തിരുന്നു. കൊല്ലം സ്വദേശിയായ ഡോ. ഗണപതിയുടെ ഹർജിയിന്മേലാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി കേസെടുത്തിരിക്കുന്നത്. എട്ട് ഡോക്ടർമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
2009 നവംബർ 29 നാണ് ഉടുമ്പൻചോല സ്വദേശിയായ വിജെ എബിനെ അപകടം സംഭവിച്ചതിനെ തുടർന്ന് ലേക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവാവിന്റെ തലയിലെ രക്തം കട്ടപിടിച്ചിരുന്നതായും എന്നാൽ അത് നീക്കം ചെയ്യാതെ ആശുപത്രി അധിക്യതർ യുവാവിനെ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി. രക്തം തലയിൽ കട്ട പിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി മരണം സംഭവിക്കാതെ തടയമായിരുന്നു. എന്നാൽ അത് ഡോക്ടർമാർ ചെയ്തില്ലെന്നും യുവാവിനെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു എന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
ശേഷം യുവാവിന്റെ അവയവങ്ങൾ വിദേശികൾക്ക് ദാനം ചെയ്തു. എന്നാൽ നടപടി ക്രമങ്ങൾ ഒന്നുംതന്നെ പാലിക്കാതെയാണ് ആശുപത്രി അധികൃതർ വിദേശികൾക്ക് അവയവം ദാനം ചെയ്തതെന്ന് പരാതിക്കാരൻ ആരോപിച്ചു. ഇത് കോടതി ശരിവെക്കുകയായിരുന്നു. തുടർന്ന് പ്രതികൾക്ക് സമൻസ് അയക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു.
















Comments