ഐസിസി ലെവൽ 1 പെരുമാറ്റചട്ടം ലംഘിച്ചതിന് ശ്രീലങ്കൻ ക്രിക്കറ്റ് താരം വനിന്ദു ഹസരംഗയ്ക്ക് ഐസിസിയുടെ ശാസനം. ലോകകപ്പ് യോഗ്യത മത്സരത്തിനിടെ ബുലാവായോയിലെ ക്വീൻസ് സ്പോർട്സ് ക്ലബ്ബിൽ വെളളിയാഴ്ച നെതർലെൻഡിനെതിരായ മത്സരത്തിലാണ് ഹസരംഗ ചട്ടം ലംഘിച്ചത്. പുറത്തായതിന് ശേഷം പവലിയനിലേക്ക് മടങ്ങുന്നതിനിടെ ആക്രമണോത്സുകതയോടെ ഹസരംഗ തന്റെ ബാറ്റുകൊണ്ട് ബൗണ്ടറി ലൈനിൽ അടിക്കുകയായിരുന്നു.
അന്താരാഷ്‌ട്ര മത്സരത്തിനിടെ ക്രിക്കറ്റ് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, ഗ്രൗണ്ട് ഉപകരണങ്ങൾ, ഫിക്ചറുകൾ, ഫിറ്റിംഗുകൾ എന്നിവ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കളിക്കാർക്കും കളിക്കാരെ പിന്തുണയ്‌ക്കുന്ന ഉദ്യോഗസ്ഥർക്കും വേണ്ടിയുള്ള ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 2.2 -ാണ് ഹസരംഗ ലംഘിച്ചതായി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ കണ്ടെത്തിയത്. ഇതേ തുടർന്ന് ഐസിസി താരത്തിന്റെ പേരിൽ ഒരു ഡീമെറിറ്റ് പോയിന്റ് ചേർത്തതോടെ താരത്തിന്റെ പേരിൽ രണ്ട് ഡീമെറിറ്റ് പോയിന്റുകളായി.
20 വിക്കറ്റുകളുമായി ടൂർണമെന്റിലെ മുൻനിര വിക്കറ്റ് വേട്ടക്കാരനായ ഹസരംഗ കുറ്റം സമ്മതിക്കുകയും ശിക്ഷ അംഗീകരിക്കുകയും ചെയ്തു. ഇതോടെ ഔപചാരിക വാദം കേൾക്കേണ്ട ആവശ്യമില്ലെന്നാണ് ഐസിസിയുടെ നിലപാട്. ഓൺ ഫീൽഡ് അമ്പയർമാരായ മാർട്ടിൻ സാഗേഴ്സ്, ഗ്രെഗ് ബ്രാത് വെയ്റ്റ്, തേർഡ് അമ്പയർ ജയരാമൻ മദനഗോപാൽ, ഫോർത്ത് അമ്പയർ ആസിഫ് യാക്കൂബ് എന്നിവരാണ് താരത്തിന് മേൽ കുറ്റം ചുമത്തിയത്.
















Comments