ന്യൂഡൽഹി: എൻസിപി പിളർന്നെങ്കിലും താൻ പാർട്ടി പുനർനിർമ്മിക്കുമെന്ന് ശരദ് പവാർ. തന്റെ അനുയായികളോട് പറയുകയായിരുന്നു അദ്ദേഹം. തന്റെ ഗുരുവും മഹാരാഷ്‌ട്രയുടെ ആദ്യ മുഖ്യമന്ത്രിയുമായ യശ്വന്ത്‌റാവു ചവാന് ആദരാഞ്ജലികൾ അർപ്പിക്കാനായി സത്താറ ജില്ലയിലെ കരാഡിലുള്ള അദ്ദേഹത്തിന്റെ സ്മാരകത്തിൽ എത്തിയതാണ് അദ്ദേഹം. എൻസിപിയെ പുനർനിർമ്മിക്കുമെന്നത് പ്രതിജ്ഞയാണെന്ന് വികാരഭരിതമായ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
എൻസിപിയെ തകർക്കാൻ ശ്രമിച്ചവർക്ക് അവരുടെ യഥാർത്ഥ സ്ഥാനം തങ്ങൾ കാണിച്ചുകൊടുക്കും. അജിത് പവാറിന്റെ ചെയ്തിയിൽ താൻ തളർന്നില്ലെന്നും ജനങ്ങളുടെ ഇടയിലേക്ക് പോയി വീണ്ടും ആരംഭിക്കും അദ്ദേഹം കൂട്ടിച്ചേർത്തു. വർഗീയ ശക്തികൾക്കെതിരായ തന്റെ പോരാട്ടം ഇന്ന് ആരംഭിക്കുകയാണ്. പൂനെയിൽ നിന്ന് കരാഡിലെക്കുള്ള വഴിയിൽ തന്നെ കാണാൻ വഴിയരികിൽ അണിനിരന്നവരെ ശരദ് പവാർ അഭിവാദ്യം ചെയ്തു. എംഎൽഎ ബാലാസാഹേബ് പാട്ടീലും എംഎൽഎ മകരന്ദ് പാട്ടീലും ചേർന്ന് ശരദ് പവാറിനെ സ്വീകരിച്ചു. ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും ശരദ് പവാറിനെ കാത്തുനിന്നിരുന്നു.
Comments